Home Featured കർണാടക പിടി വിടില്ല :150 സീറ്റുറപ്പിക്കാൻ തന്ത്രവുമായി ബി ജെ പി

കർണാടക പിടി വിടില്ല :150 സീറ്റുറപ്പിക്കാൻ തന്ത്രവുമായി ബി ജെ പി

ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി സംസ്ഥാന നേതൃത്വം.224 സീറ്റുകളില്‍ 150 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തിലെത്താന്‍ പ്രധാനമായും നാല് മേഖകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനാണ് ബി ജെ പി പദ്ധതിയിട്ടിരിക്കുന്നത്.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്തുടനീളം യാത്ര ചെയ്യാന്‍ നിയോഗിക്കപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങള്‍ കണ്ടെത്തിയത്.ഇതോടൊപ്പം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ സംസ്ഥാനത്തെ “സാധാരണക്കാരന്റെ മുഖം” ആയി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടും.

എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബിഎസ് യെദ്യൂരപ്പയ്ക്കും തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക റോള്‍ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ബലമായ 17% വരെ വരുന്ന ലിംഗായത്തുകളെ പാര്‍ട്ടിയോടൊപ്പം ഉറപ്പിച്ച നിര്‍ത്തുന്നതില്‍ യദ്യൂരപ്പയുടെ റോള്‍ നിര്‍ണ്ണായകമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ഈ മാസം ആദ്യം, ബൊമ്മൈ, സംസ്ഥാന ഘടകം പ്രസിഡന്റ് നളിന്‍ കട്ടീല്‍, ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ചുമതലയുള്ള അരുണ്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി മൂന്ന് പ്രത്യേക സംഘത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദര്‍ശിച്ച്‌ പ്രവര്‍ത്തകരെ കാണുന്നതിന് നിയോഗിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ളതും ദുര്‍ബലവുമായ മേഖലകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നേതൃത്വം സംഘത്തോട് നിര്‍ദേശിച്ചത്.19 അസംബ്ലി സീറ്റുകളുള്ളതും എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതുമായ ബെംഗളൂരു റൂറലില്‍ പാര്‍ട്ടി ഇത്തവണ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മേഖലയില്‍ 13-15 സീറ്റുകള്‍ നേടുകയാണ് ബി ജെ പി ലക്ഷ്യമിടുന്നത്. പ്രദേശത്തെ വൊക്കലിഗ നേതൃത്വത്തിലും ഇതിന്റെ ഭാഗമായി ഇടപെടലുകള്‍ നടത്താന്‍ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്.മന്ത്രിമാരായ കെ സുധാകര്‍, ആര്‍ അശോക്, സി എന്‍ അശ്വത് നാരായണ്‍ എന്നിവരുള്‍പ്പെടെ ശക്തമായ വൊക്കലിഗ നേതൃത്വമാണ് ഈ മേഖലയില്‍ ഉള്ളത്.

അവരുടെ ഇടപെടല്‍ പാര്‍ട്ടിക്ക് ഗുണകരമാവുമെന്നും ഒരു പാര്‍ട്ടി നേതാവ് വ്യക്തമാക്കി. വൊക്കലിംഗ വിഭാഗം സംസ്ഥാനത്തെ ആകെ വോട്ട് ബാങ്കിന്റെ 15 ശതമാനത്തോളം വരും. കോണ്‍ഗ്രസും പ്രധാനമായും ലക്ഷ്യം വെക്കുന്ന വോട്ടുബാങ്കാണ് ലൊക്കലിംഗ

.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 55ല്‍ 13 സീറ്റുകള്‍ മാത്രം ലഭിച്ച പഴയ മൈസൂര്‍, 28ല്‍ 14 സീറ്റുകള്‍ വിജയിച്ച ബെംഗളൂരു, 50ല്‍ 16 സീറ്റുകള്‍ നേടിയ വടക്കന്‍ കര്‍ണാടക എന്നിവയും പാര്‍ട്ടിയുടെ ശ്രദ്ധാകേന്ദ്രമായ മേഖലകളില്‍ ഉള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ഉണ്ടായ നേട്ടം സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസവും പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്.

“ഹാസന്‍, മാണ്ഡ്യ തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഞങ്ങളുടെ വളര്‍ച്ച 10-12 മടങ്ങാണ്. 2018ല്‍ തീരദേശ കര്‍ണാടകയിലെ 22 സീറ്റുകളില്‍ 18ലും ഞങ്ങള്‍ വിജയിച്ചു,” ഒരു പാര്‍ട്ടി നേതാവ് വ്യക്തമാക്കി. യെദ്യൂരപ്പ, മുന്‍ മന്ത്രി സദാനന്ദ ഗൗഡ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബി വൈ വിജയേന്ദ്ര എന്നിവരടങ്ങുന്ന സംഘങ്ങള്‍ മൂവായിരത്തിലധികം പാര്‍ട്ടി പ്രവര്‍ത്തകരുമായി 10 ദിവസങ്ങളിലായി സംവദിച്ച ശേഷമായിരുന്നു ഈ മേഖലകള്‍ നിശ്ചയിച്ചത്.150 പ്രമുഖ പ്രവര്‍ത്തകര്‍, ജില്ലാ നേതാക്കള്‍, എംഎല്‍എമാര്‍ എന്നിവരുമായി പാര്‍ട്ടി നിയോഗിച്ച സംഘം കൂടിക്കാഴ്ച നടത്തി.

നാല് റൗണ്ടുകളിലായാണ് യോഗങ്ങള്‍ നടന്നത്. ഒരു കോര്‍ കമ്മിറ്റിയും തുടര്‍ന്ന് 60-70 നേതാക്കളുമായി ആശയവിനിമയം നടത്തി, തുടര്‍ന്ന് ബൂത്ത് പ്രവര്‍ത്തകരുമായി ഒരു മീറ്റിംഗും ഒടുവില്‍ ചില നേതാക്കളുമായി ഒറ്റയ്ക്കുള്ള ചര്‍ച്ചയും നടത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രൂപംനല്‍കുന്ന വിഷയങ്ങളും പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്.

“കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും പാവപ്പെട്ടവരുടെ ക്ഷേമമായിരിക്കും മുഖ്യ അജണ്ട. അതോടൊപ്പം മുഖ്യമന്ത്രിയെ പാവപ്പെട്ടവരുടെ മുഖമായി ഉയര്‍ത്തിക്കാട്ടും”- ഒരു ബി ജെ പി നേതാവിനെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group