ബെംഗളൂരു: ബന്ദിപ്പൂരിൽ സമ്പൂർണ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന കർണാടക വനം കൺസർവേറ്ററുടെ സത്യവാങ്മൂലം പിൻവലിച്ച് സർക്കാർ. സുപ്രീം കോടതിയിൽ മാർച്ച് 21ന് സമർപ്പിച്ച സത്യവാങ്മൂലമാണ് കർണാടക വനം വകുപ്പ് പിൻവലിച്ചത്. രാത്രി യാത്ര നിരോധന വിഷയത്തിൽ സർക്കാർ അറിയാതെ സത്യവാങ്മൂലം സമർപ്പിച്ചതിന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ ഉദ്യോഗസ്ഥരെ ശാസിച്ചു. ദേശീയ പാത 766 പൂർണമായും അടച്ചിട്ട് പകരം കുട്ട-മാനന്തവാടി റോഡ് നവീകരിക്കുമെന്നായിരുന്നു കർണാടക നൽകിയ സത്യവാങ്മൂലം.
എന്നാൽ ഇതിൽ സാങ്കേതിക പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കർണാടക സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തെഴുതുകയായിരുന്നു. വയനാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറായിരുന്നു രാത്രിയാത്രാ നിരോധനം പിൻവലിക്കുമെന്ന വാഗ്ദാനം നൽകിയത്. ഗാന്ധി കുടുംബത്തിന്റെ വോട്ടു ബാങ്ക് ഭദ്രമാക്കാൻ വേണ്ടി കോൺഗ്രസ് കന്നഡിഗരെ ചതിക്കുകയാണെന്ന് ബിജെപി അന്ന് ആരോപണം ഉന്നയിച്ചിരുന്നു