Home കർണാടക കർണാടകയിൽ ചൂടേറുന്നു; 324 ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം

കർണാടകയിൽ ചൂടേറുന്നു; 324 ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം

by ടാർസ്യുസ്

ബെംഗളൂരു: കർണാടകത്തിൽ ചൂടുകൂടിയതോടെ 324 ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. 20 ജില്ലകളിലെ 60 താലൂക്കുകളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. വേനൽക്കാലമായതോടെ ഗ്രാമങ്ങളിലെ കുടിവെ ള്ളസ്രോതസ്സുകളും കിണറുകളും വറ്റിവരണ്ട നിലയിലാണ്.കുടിവെള്ളക്ഷാമമുള്ള ഗ്രാമങ്ങൾ ഏറ്റവും കൂടുതലുള്ളത് ബെംഗളൂരു സൗത്ത് ജില്ലയിലാണ്-54 എണ്ണം. റായ്ച്ചു (40), ഉത്തര കന്നഡ (27), തുമകൂരു (22), വിജയനഗര (18) എന്നിവയാണ് കുടിവെള്ളക്ഷാമം രൂക്ഷമായ മറ്റുജില്ലകൾ. സ്ഥിരമായ ജല സ്രോതസ്സുകൾ ഇല്ലാത്തതിനാലാണ് ഗ്രാമങ്ങൾ നിരന്തരം കുടിവെള്ളപ്രതിസന്ധി നേരിടുന്നത്. ഏപ്രിൽ അവസാനത്തോടെ ജലക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നാണ് കണക്കുകൂട്ടൽ.ബെംഗളൂരു വിതരണ, മലിനജല ബോർഡ് (ബി.ഡബ്ല്യു. എസ്.എസ്.ബി.) വേനൽക്കാലത്തിനായുള്ള തയ്യാറെടുപ്പുകൾ നേരത്തേ ആരംഭിച്ചിരുന്നു. അതിനാൽ, ബെംഗളൂരു നഗരത്തെ നിലവിൽ ജലക്ഷാമം ബാധിച്ചിട്ടില്ല. എന്നാൽ, മൺസൂൺ എത്തുന്നത് വൈകിയാൽ ബെംഗളൂരുവിലും സ്ഥിതി രൂക്ഷമാകും.ജലക്ഷാമം രൂക്ഷമായ 76 ഗ്രാമങ്ങളിലേക്ക് ടാങ്കറുകൾ വഴി വെള്ളം വിതരണം ചെ യ്യുന്നുണ്ടെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.അവശേഷിക്കുന്ന 248 ഗ്രാമങ്ങളിലേക്ക് 280 സ്വകാര്യ കുഴൽക്കിണറുകൾ പാട്ടത്തിനെടുത്ത് വെള്ളം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ജലക്ഷാമം നേരിടാൻ ജില്ലകൾക്ക് ഇതിനകം 60 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച കുടിവെള്ള യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾക്കായി 14.5 കോടിയും അനുവദിച്ചിട്ടുണ്ട്.ഗ്രാമങ്ങളിൽ സ്ഥിതി രൂക്ഷമായതോടെ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസർമാർ ഉൾപ്പെടെയുള്ള ജില്ലാ, താലൂക്ക്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിലെ ഉദ്യോഗസ്ഥർ തുടർച്ചയായ നിരീക്ഷണം നടത്തുന്നുണ്ട്. ശുദ്ധജലം കിട്ടാതാകുന്നതോടെ ഗ്രാമങ്ങ ളിൽ സാംക്രമികരോഗങ്ങൾ പടരാനും സാധ്യതയുണ്ട്. ഇതിനാൽ ജലഗുണനിലവാര പരിശോധന നടത്തുന്നുണ്ട്.വരൾച്ച പോലുള്ള സാഹചര്യങ്ങളിൽ വിതരണം ഉറപ്പാക്കാൻ അടിയന്തര പ്രവർത്തനങ്ങൾ തദ്ദേശ ഭരണകൂടങ്ങൾ ഏറ്റെടുത്തിരിക്കയാണ്. ജില്ലാ പഞ്ചായത്തുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group