കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാൻ ഷാഫി സഅദി ഉള്‍പ്പെട നാല് പേരുടെ നോമിനേഷൻ റദ്ദാക്കിയ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിൻവലിച്ചു.ഷാഫി സഅദി വഖഫ് ബോര്‍ഡ് ചെയര്‍മാനായി തുടരും. നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷാഫി സഅദി സിറാജ് ലൈവിനോട് പ്രതികരിച്ചു.സഅദിയെ കൂടാതെ മിര്‍ അസ്ഹര്‍ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോര്‍ഡ് അംഗങ്ങളുടെയും നോമിനേഷൻ റദ്ദാക്കിയിരുന്നു.
ഇന്നലെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ വിവിധ ബോര്‍ഡുകളിലെ ചെയര്മാൻ പദവികള്‍ റദ്ദാക്കിയ കൂട്ടത്തിലാണ് വഖഫ് ബോര്‍ഡ് നോമിനേഷനുകളും റദ്ദാക്കിയത്.എന്നാല്‍ ഇന്ന് ഈ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവിറക്കുകയായിരുന്നു.
ഷാഫി സഅദിയുടെ ജയം തങ്ങളുടെ ജയമായി അന്ന് ബി.ജെ.പി ആഘോഷിച്ചിരുന്നു. കഴിഞ്ഞദിവസം ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന അഭ്യർഥനയുമായാണ് സമീപിച്ചതെന്നാണ് വിവരം. വഖഫ് ബോർഡിലെ നാമനിർദേശങ്ങൾക്ക് പുറമെ കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് കർണാടക സംസ്ഥാന സർക്കാറിന്റെ വിവിധ കോർപറേഷനുകൾ, ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ, സർക്കാറിതര, മറ്റ് എല്ലാ പ്രസിഡന്റുമാർ, ഡയറക്ടർമാർ, അംഗങ്ങൾ എന്നിവരുടെ ശിപാർശകളും നിയമനങ്ങളും സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.