ബെംഗളൂരു: കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതിയില്‍ തിങ്കളാഴ്ച വാദം തുടരും. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് വാദത്തിനിടെ പരാമർശിച്ചു. ടർബൻ സിഖ് വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ബെഞ്ച് വ്യക്താക്കി. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്‍റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു.
കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും കൈക്കൊണ്ട നിലപാടുകൾക്ക് എതിരാണ് കർണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്ന് കാമത്ത് ചൂണ്ടിക്കാട്ടി. ശബരിമല വിധി പുനനപരിശോധിക്കാനുള്ള വിശാല ബഞ്ചിനുമുമ്പാകെ വരുന്ന ചോദ്യങ്ങൾ വിഷയത്തിലുണ്ടെന്നും ഹർജിക്കാർ വാദിച്ചു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസന സമിതിയിൽ എംഎൽഎമാരെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിനെയും ഹർജിക്കാർ എതിർത്തു.
പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതിയിൽ, പരിഗണിക്കുന്നത് 2 വർഷത്തിന് ശേഷം
പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹർജികൾ കോടതിയിൽ എത്തുന്നത്. പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാർലമെൻറ് പാസാക്കിയത് 2019 ഡിസംബർ പതിനൊന്നിനാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗക്കാർക്ക് മാത്രം ഇന്ത്യൻ പൗരത്വം നല്കുന്നതാണ് ഭേദഗതി. നിയമത്തെ എതിർത്ത് 140 ഹർജികളാണ് സുപ്രീകോടതിയിൽ എത്തിയത്. കേരള നിയമസഭ നിയമത്തെ എതിർത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സർക്കാരും നിയമത്തെ എതിർത്ത് ഹർജി നല്കി. മുസ്ലിം ലീഗും നിരവധി എംപിമാരും ഹർജികൾ നല്കിയിരുന്നു.
മതത്തിൻറെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്ന് ഹർജികളിൽ പറയുന്നു. ജസ്റ്റിസ് എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഹർജികൾ വന്നത്. പിന്നീട് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എൻവി രമണയും ഹർജികളിൽ വാദം കേട്ടില്ല. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഉയർന്നത്. ചീഫ് ജസ്റ്റിസ് യുയു ലളിതിൻറെ കാലാവധി നവംബറിൽ തീരുകയാണ്. ഈ സാഹചര്യത്തിൽ ഹർജികളിൽ അവസാന തീരുമാനം ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.