Home Featured ജനം വെള്ളത്തില്‍ മുങ്ങി; മന്ത്രിക്ക് ‘സുഖനിദ്ര’; ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ്

ജനം വെള്ളത്തില്‍ മുങ്ങി; മന്ത്രിക്ക് ‘സുഖനിദ്ര’; ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ്

by കൊസ്‌തേപ്പ്

ബെംഗളൂരു: പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടക മന്ത്രി സുഖനിദ്രയിലായിരുന്നെന്ന് കോണ്‍ഗ്രസ്. മന്ത്രി ആര്‍ അശോക ഉറങ്ങുന്ന ചിത്രങ്ങള്‍ കര്‍ണാടക കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. സംസ്ഥാനത്തെ ജനം മുഴുവന്‍ മുങ്ങി. മന്ത്രി ഉറക്കത്തില്‍ മുങ്ങിയെന്ന് ചിത്രം പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. യോഗത്തിന് ശേഷം, പ്രളയം നേരിടാന്‍ 300 കോടി അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് ബെംഗലൂരു അടക്കം കര്‍ണാടകയിലെ പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴിയില്‍ ബെംഗളൂരു നഗരത്തിലെ ജല-വൈദ്യുതി വിതരണം ഏതാണ്ട് പൂര്‍ണ്ണമായും മുടങ്ങി. കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായത് ആസൂത്രിതമല്ലാത്ത നഗരവല്‍ക്കരണം മൂലമാണെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി.

സംസ്ഥാനത്തെ മുന്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി. “മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ആസൂത്രിതമല്ലാത്ത ഭരണം മൂലമാണ് ഇത് സംഭവിച്ചത്. തടാകങ്ങളിലും ബഫര്‍ സോണിലും അവര്‍ വലത്തോട്ടും ഇടത്തോട്ടും മധ്യഭാഗത്തും അനുമതി നല്‍കി.” ബസവരാജ് ബൊമ്മൈ ആരോപിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തര സാഹചര്യം നേരിടാന്‍ 300 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. മറ്റ് പ്രളയബാധിത ജില്ലകള്‍ക്കായി 300 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. വെള്ളപ്പൊക്കത്തില്‍ മുങ്ങിക്കിടക്കുന്ന റോഡുകളിലൂടെ നിരവധി പേര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ചാണ് യാത്ര ചെയ്തത്.

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും വിവരമുണ്ട്. പലയിടത്തും കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. മാണ്ഡ്യയിലെ പമ്ബ് ഹൌസില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെട്ടു. പമ്ബ്ഹൗസ് വൃത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group