മംഗലൂരു: മംഗലൂരുവില്‍ 3800 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രവും സംസ്ഥാനവും ചേരുന്ന ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാവിലെ ഐ.എന്‍.എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്ത കാര്യം സൂചിപ്പിച്ച് ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന അഭിമാനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രാദേശിക സുരക്ഷയോ സാമ്ബത്തിക സുരക്ഷയോ ആകട്ടെ, ഇന്ത്യ വലിയ അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. എട്ട് വര്‍ഷത്തിനുളളില്‍ മൂന്ന് കോടിയിലധികം വീടുകളാണ് രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടി അനുവദിച്ചത്. കര്‍ണാടകയില്‍ എട്ട് ലക്ഷത്തിലധികം വീടുകള്‍ നല്‍കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ഇടത്തരം കുടുംബങ്ങള്‍ക്ക് വീട് പണിയുന്നതിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജല്‍ ജീവന്‍ മിഷനു കീഴില്‍ 3 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 6 കോടിയിലധികം വീടുകളില്‍ പൈപ്പ് വെളളം എത്തിച്ചു. കര്‍ണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളില്‍ പദ്ധതിയുടെ ഭാഗമായി ആദ്യമായി പൈപ്പ് വെള്ളം എത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ടെയ്നറുകളും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി ഏറ്റെടുത്ത ബര്‍ത്ത് നമ്ബര്‍ 14 യന്ത്രവല്‍ക്കരിക്കുന്നതിനുള്ള 280 കോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തതില്‍ ഏറ്റവും പ്രധാനം. രാജ്യത്തെ തുറമുഖ വികസനത്തില്‍ നിര്‍ണായകമാണിത്. പോര്‍ട്ട് ഏറ്റെടുത്ത 1000 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
പദ്ധതി പൂര്‍ത്തിയാകുമ്ബോഴേക്കും തുറമുഖത്തിന്റെ ശേഷി നാല് മടങ്ങായി ഉയരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ഈ തീരപ്രദേശത്തിന്റെ വികസനത്തിനൊപ്പം കര്‍ണാടകയുടെ വികസനം കൂടിയാണ് യാഥാര്‍ത്ഥ്യമാകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സ്യബന്ധനം സുരക്ഷിതമാക്കുന്നതിനും ആഗോള വിപണിയില്‍ മികച്ച വില ലഭ്യമാക്കുന്നതിനും സഹായിക്കുന്ന കുലായിയിലെ ഫിഷിംഗ് ഹാര്‍ബര്‍ വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. സാഗര്‍മാല പദ്ധതിയുടെ കുടക്കീഴില്‍ നടക്കുന്ന ഈ പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ സാമൂഹിക-സാമ്ബത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്.
മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ഏറ്റെടുത്ത ബി.എസ് 4 നവീകരണ പദ്ധതി, കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കല്‍ (ഡീസാലിനേഷന്‍) പ്ലാന്റ് എന്നീ പദ്ധതികളും പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയെക്കൂടാതെ കര്‍ണാടക ഗവര്‍ണര്‍ ശ്രീ തവര്‍ ചന്ദ് ഗെഹ്ലോട്ട്, കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ , കേന്ദ്ര സഹമന്ത്രിമാരായ ശ്രീപദ് യശോ നായിക്, ശന്തനു ഠാക്കൂര്‍, ശോഭ കരന്ദ്ലാഞ്ജെ, പാര്‍ലമെന്റ് അംഗം നളിന്‍ കുമാര്‍ കട്ടീല്‍, സംസ്ഥാന മന്ത്രിമാരായ അംഗാര എസ്, സുനില്‍ കുമാര്‍ വി, കോട്ട ശ്രീനിവാസ് പൂജാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രണ്ടു ഫുട്ബോള്‍ മൈതാനത്തേക്കാള്‍ നീളം; കൊച്ചി നഗരത്തിനു വേണ്ടതിനു പകുതി വൈദ്യുതി; INS വിക്രാന്തെന്ന അഭിമാനം
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് (INS Vikrant) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) രാജ്യത്തിന് സമര്‍പ്പിച്ചു.കൊച്ചി ഷിപ്പ്യാര്‍ഡിലാണ് ചടങ്ങുകള്‍ നടന്നത്. ഇതേ പരിപാടിയില്‍ തന്നെ, നാവികസേനയ്ക്ക് കപ്പല്‍ ഔദ്യോഗികമായി കൈമാറുകയും, സേനയുടെ പുതിയ പതാക രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
1971 -ലെ ഇന്തോ- പാക് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎന്‍എസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേരിട്ടത്. ഇന്ത്യന്‍ നാവികസേനയുടെ ഇന്‍-ഹൗസ് വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ (Navy’s in-house Warship Design Bureau (WDB)) രൂപകല്‍പ്പന ചെയ്ത ഐഎന്‍എസ് വിക്രാന്ത് കൊച്ചി ഷിപ്പ്യാര്‍ഡിലാണ് (Cochin Shipyard) നിര്‍മ്മിച്ചത്. വിക്രാന്ത് കമ്മീഷന്‍ ചെയ്തതോടെ ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകലുടെ എണ്ണം രണ്ടായി. പുതിയ വിമാനവാഹിനിക്കപ്പല്‍ രാജ്യത്തിന്റെ സമുദ്രസുരക്ഷയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഎന്‍എസ് വിക്രാന്തില്‍ എകെ 630 റോട്ടറി കാനോനുകളും കവച് ആന്റി മിസൈല്‍ നേവല്‍ ഡികോയ് സംവിധാനവും ഉണ്ടായിരിക്കും. 42,800 ടണ്‍ ഭാരമുള്ള വിക്രാന്തിന് 30 വിമാനങ്ങള്‍ വഹിക്കാനും ഏകദേശം 1,600 ജീവനക്കാരെ ഉള്‍ക്കൊള്ളാനും കഴിയും. കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റം, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, ഡാറ്റ നെറ്റ്‌വര്‍ക്ക്, ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.