ബംഗളൂരു: പാഠപുസ്തക പരിഷ്കരണം സർക്കാർ അഭിമാന പ്രശ്നമായി കണക്കാക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പുതുക്കിയ പാഠപുസ്തകങ്ങൾ ഇതിനകം പൊതുസഞ്ചയത്തിലാണ്. എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ തിരുത്താൻ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.അഗ്നിപഥ് പദ്ധതി വിരുദ്ധ സമരങ്ങളിൽ കോൺഗ്രസ് തീകൊളുത്തുകയാണെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി ആരോപിച്ചു.
ചിത്രീകരിക്കപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായി, അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കളെ ശാക്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷ എഴുതിയവർക്ക് ഈ പദ്ധതിയെക്കുറിച്ച് ചില ആശങ്കകൾ ഉണ്ടായേക്കാം.
കേന്ദ്രസർക്കാർ ഈ പ്രശ്നങ്ങൾ പരിഗണിക്കുകയും അവ പരിഹരിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നും തീവണ്ടികൾ കത്തിക്കുന്നതും അക്രമാസക്തമായ പ്രതിഷേധങ്ങളും പരാതികൾ പരിഹരിക്കാനുള്ള ശരിയായ മാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു.