ബെംഗളൂരു : ആധാറും വോട്ടർ ഐഡിയും ഉൾപ്പെടെ വ്യാജമായി തിരിച്ചറിയൽ രേഖകൾ ചമയ്ക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, അനധികൃതമായി നുഴഞ്ഞു കയറി നഗരത്തിൽ തമ്പടിച്ചിരിക്കുന്ന ബംഗ്ലദേശികളെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘത്തിനു രൂപം നൽകി.മാടനായകനഹള്ളിക്കു സമീപം ഹൊട്ടപ്പനപാളയയിൽ നിന്ന് 2 ബംഗ്ലദേശികൾ ഉൾപ്പെടെ 9 പേർ ഉൾപ്പെട്ട റാക്കറ്റിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തരുന്നു.
തുടർന്ന് ഈ സംഘത്തിലെ 5 പേരെ കൂടി അറസ്റ്റ് ചെയ്യാനാണ് അന്വേഷണം വ്യാപിച്ചത്.എംടിഎം കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണമാണ് ഇവരുടെ അറസ്റ്റിൽ കലാശിച്ചത്. ബംഗ്ലദേശികളായ ഷഹീദ് അഹമ്മദ് സഹായി അമൻ അലീം എന്നിവർക്കു പുറമേ പ്രദേശവാസികളായ സുഹൈൽ അഹമ്മദ്, മുഹമ്മദ് ഹിദായത്ത്, മുഹമ്മദ് അമീൻ സേട്ട്, രാകേഷ്, ആയിഷ, സയദ് മുൻസൂർ, ഇഷ്തിയാഖ് പാഷ എന്നിവരാണ് അറസ്റ്റിലായത്.
ആക്രി പെറുക്കാൻ മനുഷ്യക്കടത്ത്
സംഘ തലവൻ ധാക്ക സ്വദശി ഷഹീദ് അഹമ്മദ് ഹൊട്ടപ്പന പാളയയിൽ 2011 മുതൽ പ്ലാസ്റ്റിക് ആക്രി സാധനങ്ങളുടെ വ്യാപാരം നടത്തുകയാണെന്നും പൊലീസ് കണ്ടെത്തി.ഇയാൾക്കായി നഗരത്തിൽ നിന്ന് ആക്രി സാധനങ്ങൾ പെറുക്കാനാണ് ബംഗ്ലദേശിൽ നിന്നു ത്രിപുര വഴി കടത്തിക്കൊണ്ടു വരുന്നവരെ ഉപയോഗിച്ചിരുന്നത്.
ഇവരുടെ ശമ്പളം ബംഗ്ലദേശിലേക്ക് അയയ്ക്കുകയാണ് പതിവ് 4 കോടിയോളം രൂപ ബ ഗ്ലദേശി കറൻസിയാക്കി കഴിഞ്ഞ ഒരു വർഷത്തിനിടെ 13 ബാങ്ക് അക്കൗണ്ടുകൾ മുഖേന നിക്ഷേപിച്ചതിനു തെളിവു ലഭിച്ചു. ഷഹീദ് അഹമ്മദിന്റെ സഹായി അബ്ദുൽ അലീമാണ് ഇവർക്കായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ഛ് നൽകിയത്.
500 രൂപ ഇതിനായി ഈടാക്കും. ബൗറിങ് ആശുപത്രിയുടെ വ്യാജ സീൽ, 26 ഗസറ്റഡ് ഓഫിസർമാരുടെ വ്യാജ ലെറ്റർ ഹെഡ്, 16 മൊബൈൽ ഫോണുകൾ, 31 ആധാർ കാർഡുകൾ, 13 പാൻ കാർഡുകൾ, 28 വോട്ടർ ഐഡി കാർഡുകൾ തുടങ്ങിയവയും സംഘത്തിൽ നിന്നു പൊലീസ് പിടിച്ചെടുത്തു.