മാണ്ഡ്യ : കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ രണ്ടിടങ്ങളിലെ ജലാശയങ്ങളില്‍ രണ്ട് യുവതികളുടെ ഛേദിക്കപ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്തി.രണ്ട് മൃതദേഹങ്ങളുടേയും അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ അരയ്ക്ക് മുകളിലേക്കുള്ള ഭാഗം വെട്ടിമാറ്റിയ ശേഷം കനാലില്‍ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം.
പാണ്ഡവപുര ടൗണിലെ അരകെരെ പോലീസ് സ്റ്റേഷന് പരിധിയില്‍ ബേബി തടാകത്തിനും കെ.ബെട്ടനഹള്ളിക്കും ഇടയിലുള്ള ബേബി തടാകം കനാലില്‍ നിന്നാണ് ആദ്യത്തെ മൃതദേഹം ലഭിച്ചത്. വലിയ പ്ലാസ്റ്റിക് ചാക്കില്‍ ഏകദേശം 30-35 വയസ് തോന്നിക്കുന്ന യുവതിയുടെ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗമാണ് ഇവിടെ നിന്നും കണ്ടെത്തിയത്.
ഇതിനിടെ അരകെരെ ഗ്രാമത്തിനടുത്തുള്ള സിഡിഎസ് കനാലില്‍ മറ്റൊരു മൃതദേഹവും കണ്ടെത്തുകയായിരുന്നു.ഈ മൃതദേഹത്തിന്റെയും അരയ്ക്ക് താഴെയുള്ള ഭാഗം മാത്രമാണ് ലഭിച്ചത്. ലഭിച്ച രണ്ട് ശരീരങ്ങളിലും കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ അരയ്ക്ക് മുകളിലേക്കുള്ള ഭാഗത്തിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൊലീസ് സൂപ്രണ്ടും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.