ബെംഗ്ളുറു: വാരാണസിയിലെ ഗ്യാന്‍വാപി മസ്‌ജിദ്, മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദ്, അജ്മീറിലെ ദര്‍ഗ എന്നിവയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 36,000 ക്ഷേത്രങ്ങള്‍ ‘വീണ്ടെടുക്കണമെന്ന്’ കര്‍ണാടക ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ പറഞ്ഞു.
36,000 ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും അതിനു മുകളില്‍ പള്ളികള്‍ നിര്‍മിക്കുകയും ചെയ്തുവെന്ന് ഈശ്വരപ്പയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു. ‘അവര്‍ മറ്റെവിടെയെങ്കിലും പള്ളികള്‍ പണിയട്ടെ, നിസ്‌കരിക്കട്ടെ, പക്ഷേ നമ്മുടെ ക്ഷേത്രങ്ങള്‍ക്ക് മുകളില്‍ മസ്ജിദുകള്‍ നിര്‍മിക്കാന്‍ അവരെ അനുവദിക്കാനാവില്ല.
36000 ക്ഷേത്രങ്ങളും നിയമപരമായി ഹിന്ദുക്കള്‍ തിരിച്ചുപിടിക്കും,’ അദ്ദേഹം പറഞ്ഞു.അഴിമതി ആരോപണത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന ബിജെപി നേതാവാണ് ഈശ്വരപ്പ. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ വെല്ലുവിളിച്ച് തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടക ബിജെപി എംഎല്‍എയുടെ പരാമര്‍ശം.
ശിവലിംഗങ്ങള്‍ കണ്ടെത്തിയാല്‍ മുസ്ലീങ്ങള്‍ പള്ളികള്‍ ഹിന്ദുക്കള്‍ക്ക് കൈമാറേണ്ടിവരുമെന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ മുസ്ലീങ്ങള്‍ക്ക് അവ അവകാശപ്പെടാമെന്നും ബന്ദി സഞ്ജയ് പറഞ്ഞിരുന്നു.’പള്ളി പരിസരം കുഴിച്ചിടുന്നിടത്തെല്ലാം ശിവലിംഗങ്ങള്‍ കാണപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ പള്ളികളും ഞങ്ങള്‍ കുഴിക്കുമെന്ന് ഞാന്‍ ഒവൈസിയെ വെല്ലുവിളിക്കുന്നു.
മൃതദേഹങ്ങള്‍ കണ്ടെടുത്താല്‍, മുസ്ലിംകള്‍ക്ക് അത് അവകാശപ്പെടുന്നു. ശിവനെ (ശിവലിംഗം) കണ്ടെത്തിയാല്‍ അത് ഞങ്ങള്‍ക്ക് ഏല്‍പ്പിക്കുക, നിങ്ങള്‍ അത് സ്വീകരിക്കുമോ?’ ഹിന്ദു ഏകതാ യാത്രയെ അഭിസംബോധന ചെയ്തുകൊണ്ട് ബന്ദി സഞ്ജയ് ചോദിച്ചു.
തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഉറുദു ഭാഷ നിരോധിക്കുമെന്നും ന്യൂനപക്ഷ സംവരണം നിര്‍ത്തലാക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. ‘രാമരാജ്യം’ വന്നാല്‍ ഉറുദു ഭാഷ പൂര്‍ണമായും നിരോധിക്കും.
രാജ്യത്ത് എവിടെ ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്നത് മദ്രസകള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയതിനാലാണെന്നും തെലങ്കാന ബിജെപി അധ്യക്ഷന്‍ ആരോപിച്ചിരുന്നു.