ബെംഗളൂരു: ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കാൻ സർക്കാർ മാർഗനിർദേശം പുറത്തിറക്കിയതിനിടെ, മസ്ജിദുകളിൽ പുലർച്ചെയുള്ള ബാങ്കുവിളിക്ക് (സുബഹി) ഉച്ചഭാഷിണി ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് മുസ്ലിം സമുദായ നേതാക്കൾ.കർണാടക അമീർ ശരിഅത്ത് മൗലാന സഗീർ അഹമ്മദ് റാഷിദിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
മറ്റു സമയങ്ങളിലെ വാങ്കുവിളിക്ക് അനുവദനീയമായ ശബ്ദപരിധി സംബന്ധിച്ച് അധികൃതരിൽ നിന്ന് അനുമതി തേടാനും മൊഹല്ല കമ്മിറ്റികൾക്ക് അദ്ദേഹം നിർദേശം നൽകി.രാത്രി 10 മുതൽ പുലർച്ചെ 6 വരെ പൊതുസ്ഥലത്ത് ഉച്ചഭാഷിണികൾ മുഴക്കാൻ പാടില്ലെന്ന 2005ലെ സുപ്രീം കോടതി ഉത്തരവു പ്രകാരമാണ് സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദേശം പുറതിറക്കിയത.
പുലർച്ചെയുള്ള വാങ്കുവിളിക്കു ബദലായി സംസ്ഥാനമൊട്ടാകെയുള്ള ക്ഷേത്രങ്ങളിൽ ശ്രീരാമ സേന, ബജ്റങ്ദൾ, ഹിന്ദു ജനജാ ഗതി സമിതി തുടങ്ങിയ സംഘടനകൾ ഹനുമാൻ സ്തുതി മുഴക്കി പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു ഇത്.