ബംഗളൂരു: കര്‍ണാടകയില്‍ ഉച്ചഭാഷിണി വിവാദത്തിന് തുടക്കമിട്ട ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനെ അറസ്റ്റ് ചെയണമെന്ന് ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി.സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കുന്ന മുത്തലിക്കിനെപ്പോലുള്ളവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ഉച്ചഭാഷിണിവിവാദത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹനുമാന്‍ ചാലിസ ഉച്ചഭാഷിണിയില്‍ വായിക്കുന്നതിലൂടെ ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്ന് കുമാരസ്വാമി പറഞ്ഞു. താന്‍ ദിവസവും ഹനുമാന്‍ ചാലിസ വായിക്കാറുണ്ടെന്നും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ അത് മാറ്റാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഈ പ്രശ്നത്തെ ഗാരവമായി പരിഗണിക്കുകയും സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിക്കുന്നതിന് പകരം വിലക്കയറ്റത്തിനും ഇന്ധനവില കുതിച്ചുയരുന്നതിനുമെതിരെ സംഘടനകള്‍ ശബ്ദമുയര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വിള ഇന്‍ഷുറന്‍സ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സാധാരണക്കാരും സംഘടനകളും ഇതിനകം തന്നെ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിങ്കളാഴ്ച പുലര്‍ച്ചെ ബെലഗാവിയില്‍ മുസ്ലിം പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചഭാഷിണിയില്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ വായിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.