ബംഗളൂരു: കരാറുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് ബി.ജെ.പിയിലെ ‘തീപ്പൊരി നേതാവും’ കര്‍ണാടക മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ രാജിവെച്ചതോടെ പുറത്തുവരുന്നത് കൈക്കൂലിക്കൊതിയുടെ ചീഞ്ഞളിഞ്ഞ കഥകള്‍.
മോദിയും അമിത് ഷയും ഉള്‍പ്പെടെയുള്ള കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടും നീതിലഭിക്കാതെയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടിയായ കരാറുകാരന്‍ ബെളഗാവി സന്തോഷ് പാട്ടീല്‍ സ്വയം മരണം വരിച്ചത്.
ഒരു വര്‍ഷം മുമ്ബാണ് സന്തോഷ് പാട്ടീല്‍, ഹിന്ദളഗ ഗ്രാമത്തില്‍ സര്‍ക്കാറിന്റെ 108 പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. നാലു കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികളായിരുന്നു ഇത്.
എന്നാല്‍, ഒരുവര്‍ഷം പിന്നിട്ടിട്ടും സന്തോഷിന് ഇതിന്റെ തുക സര്‍ക്കാര്‍ നല്‍കിയില്ല. വകുപ്പ് മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ കൈക്കൂലിക്കൊതിയായിരുന്നു ഇതിന് തടസ്സം.
നാല് കോടിയുടെ 40 ശതമാനം അതായത് 1.60 കോടി രൂപ തനിക്ക് ‘കമ്മീഷന്‍’ ആയി നല്‍കണമെന്നായിരുന്നു ഗ്രാമ വികസന – പഞ്ചായത്തീരാജ് മന്ത്രിയായ ഈശ്വരപ്പയുടെ ആവശ്യം.
അത്രയും വലിയതുക നല്‍കാനാവില്ലെന്നറിയിച്ചതോടെ മന്ത്രിയുടെ തനിസ്വരൂപം പുറത്തുവന്നു. സംഭവം വിവാദമായതോടെ അത്തരമൊരു കരാര്‍ ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു ഈശ്വരപ്പയുടെ വകുപ്പ് നല്‍കിയ മറുപടി.
എന്നാല്‍, ഈശ്വരപ്പ നല്‍കിയ ഉറപ്പിലാണ് ഹിന്ദളഗ ഗ്രാമത്തില്‍ 108 പ്രവൃത്തികള്‍ താന്‍ പൂര്‍ത്തിയാക്കിയതെന്നും കരാര്‍ സംബന്ധിച്ച ഉത്തരവ് കൈമാറുകയോ പണം നല്‍കുകയോ ചെയ്യാത്തതിനാല്‍ താന്‍ കടക്കെണിയിലായെന്നുമാണ് സന്തോഷ് സൂചിപ്പിച്ചിരുന്നത്.
പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് 80 തവണ സന്തോഷ് ഈശ്വരപ്പയെ നേരില്‍കണ്ടു. അവസാന ആശ്രയമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗ്രാമീണ വികസന മന്ത്രി ഗിരിരാജ് സിങ് എന്നിവര്‍ക്ക് സന്തോഷ് കത്തെഴുതി. എന്നിട്ടും ഫലമുണ്ടായില്ല.
വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി ഗിരിരാജ് സിങ് കര്‍ണാടക സര്‍ക്കാറിന് കത്തുനല്കിയപ്പോഴാണ് കരാര്‍ ഏല്പിച്ചിട്ടില്ലെന്ന വിചിത്ര വാദവുമായി ഈശ്വരപ്പയുടെ വകുപ്പ് രംഗത്തു വന്നത്. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ സന്തോഷ് കടുംകൈ ചെയ്യുകയായിരുന്നു.
മന്ത്രി ഈശ്വരപ്പയാണ് മരണത്തിനുത്തരവാദിയെന്ന് മരണത്തിനു മുമ്ബ് സുഹൃത്തിനയച്ച സന്ദേശത്തില്‍ സന്തോഷ് ചൂണ്ടിക്കാട്ടിയിരുന്നു. സന്തോഷ് പാട്ടീലിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് ഉഡുപ്പി പൊലീസ് മന്ത്രിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിരുന്നു.
സന്തോഷിന്റെ ബന്ധു പ്രശാന്ത് പാട്ടീല്‍ നല്‍കിയ പരാതിയില്‍ ഐ.പി.സി 306 വകുപ്പ് ചുമത്തിയാണ് മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ് എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈശ്വരപ്പയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോട്ടിനെ കണ്ടിരുന്നു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധവും അരങ്ങേറിയിരുന്നു. എന്നാല്‍, രാജിവെക്കില്ലെന്ന് ഈശ്വരപ്പയും പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം നടപടിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആദ്യഘട്ടത്തില്‍ നിലപാടെടുത്തു.
പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ ബി.ജെ.പി നേതൃത്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ഇന്നലെ രാത്രി രാജിക്കത്ത് കൈമാറുകയും ചെയ്തു. സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ കോണ്‍ട്രാക്ടര്‍മാരുടെ സംഘടന ഒരു മാസത്തേക്ക് പണിമുടക്കും പ്രഖ്യാപിച്ചിരുന്നു.
വിദ്വേഷം വമിക്കുന്ന പ്രസ്താവനകളിലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ചയാള്‍വിദ്വേഷ-വര്‍ഗീയ പ്രസ്താവനകളിലൂടെ വിവാദനായകനായിരുന്നു ഇന്നലെ രാജിവെച്ച മന്ത്രി കെ.എസ്. ഈശ്വരപ്പ. ശിരോവസ്ത്രത്തിനെതിരായ സമരത്തിനിടെ ചില വിദ്യാര്‍ഥികള്‍ ശിവമൊഗ്ഗയിലെ സ്കൂളില്‍ കാവിക്കൊടി ഉയര്‍ത്തിയ വിഷയത്തില്‍ ‘ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകക്കുപകരം ഒരുനാള്‍ കാവിക്കൊടി ഉയരും’ എന്ന ദേശദ്രോഹപരമായ പരാമര്‍ശം അദ്ദേഹം നടത്തിയിരുന്നു.
തുടര്‍ന്ന് ഈശ്വരപ്പയെ പുറത്താക്കണമെന്നും രാജ്യദ്രോഹ കേസ് ചുമത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭ കോണ്‍ഗ്രസ് ദിവസങ്ങളോളം സ്തംഭിപ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ഈശ്വരപ്പയുടെ ചില പ്രസ്താവനകള്‍ രാജ്യദ്രോഹവും ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതാണെന്നും കാണിച്ച് ദോഡപേട്ട പൊലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ നേരത്തെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.
ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ ജിഗാഡേയുടെ മരണവുമായി ബന്ധപ്പെട്ട ഈശ്വരപ്പയുടെ പ്രസ്താവനകളായിരുന്നു വിവാദമായത്. ഫെബ്രുവരി 20ന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഇതിന് പിന്നില്‍ രാഷ്ട്രീയവും മതപരവുമായ കാരണങ്ങളുണ്ടെന്ന പ്രചാരണം ഈശ്വരപ്പയും മറ്റൊരു ബി.ജെ.പി നേതാവായ ഛന്നബാസപ്പയും ആരംഭിക്കുകയായിരുന്നു.
ഹര്‍ഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടര്‍ന്നാണ് ശിവമൊഗ്ഗ സിറ്റിയില്‍ വ്യാപക അക്രമം ഉടലെടുത്തിരുന്നു. കാവിക്കൊടി ഭാവിയില്‍ ത്രിവര്‍ണ പതാകക്ക് പകരം ദേശീയ പതാകയായി മാറുമെന്നും ഈശ്വരപ്പ പ്രസ്താവനയിറക്കിയിരുന്നു.
“അടുത്ത നൂറുവര്‍ഷത്തിനോ ഇരുനൂറു വര്‍ഷത്തിനോ അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനോ ഇടയില്‍ ദേശീയപതാകയായി കാവി പതാക മാറും. നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് രാമനും ഹനുമാനുമൊക്കെ അവരുടെ രഥത്തില്‍ കാവി പതാക ഉപയോഗിച്ചിരുന്നില്ലേ?. ഭാവിയിലും ഇത് സംഭവിക്കില്ലെന്ന് ആര്‍ക്കറിയാം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞപ്പോള്‍ ജനങ്ങള്‍ ഞങ്ങളെ നോക്കി ചിരിച്ചില്ലേ. എന്നാല്‍, അത് ഇപ്പോള്‍ സാധ്യമാക്കിയില്ലെ? എല്ലായിടത്തും കാവി പതാക ഉയര്‍ത്തും. ഇന്നോ നാളെയോ ഇന്ത്യ ഹിന്ദു രാജ്യമാകും.
ചെങ്കോട്ടയിലും കാവി പതാക ഉയര്‍ത്തും” എന്നായിരുന്നു പ്രസ്താവന.ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമര്‍ശവും മുമ്ബ് വിവാദമായിരുന്നു.
‘ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഏതൊരു വ്യക്തിക്കും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കും. ലിംഗായത്തുകാര്‍, കുറുബകള്‍, വൊക്കലിഗക്കാര്‍, ബ്രാഹ്മണര്‍ തുടങ്ങി ആര്‍ക്കുവേണമെങ്കിലും നല്‍കും. എന്നാല്‍ ഒറ്റ മുസ്ലിമിന് പോലും അവസരം നല്‍കില്ല’ -എന്നായിരുന്നു അന്ന് ഈശ്വരപ്പ പറഞ്ഞത്.