ബംഗളൂരു: കെ.എസ് ഈശ്വരപ്പയുടെ രാജിക്ക് പിന്നാലെ കർണാടകയിൽ ബി.ജെ.പിയുടെ നിർണായക യോഗം ഇന്ന്. സംസ്ഥാനത്ത് പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യുന്ന യോഗത്തിൽ ബിജെപി ദേശീയ നേതാക്കൾ പങ്കെടുക്കും.
അതേസമയം ഈശ്വരപ്പയെ അറസ്റ്റ് ചെയ്യും വരെ സമരം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. നാടകീയ നീക്കങ്ങൾക്ക് ഒടുവിലാണ് മന്ത്രി കെ.എസ് ഈശ്വരപ്പ രാജിക്കത്ത് മുഖ്യമന്ത്രി ബസവരാജ ബൊമ്മെക്ക് ഇന്നലെ രാത്രി കൈമാറിയത്.മന്ത്രി രാജി വെച്ചെങ്കിലും പ്രതിപക്ഷ പാർട്ടികൾ സമരം തുടരുകയാണ്.
കരാറുകാരനായ സന്തോഷ് പാട്ടീലിന്റെ മരണത്തെ തുടർന്ന് സമ്മർധത്തിലായ ബി.ജെ.പി ഭാവി രാഷ്ട്രീയ നിയമ നീക്കങ്ങൾ ഇന്ന് ചേരുന്ന നിർണായക യോഗത്തിൽ ചർച്ച ചെയ്യും. ഇന്നലെ ആരംഭിച്ച ബി.ജെ.പി എക്സിക്യൂട്ടീവ് യോഗം അവസാനിച്ച ശേഷമാണ് കേന്ദ്ര നേതാക്കൾ പങ്കെടുക്കുന്ന യോഗം.
കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ ഉൾപ്പടെയുള്ള ബിജെപി സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യാൻ കർണാടക സർക്കാർ തയ്യാറായില്ലെങ്കിൽ രാഷ്ട്രപതിയെ കാണാനാണ് കോൺഗ്രസിന്റെ നീക്കം. അതേസമയം തന്റെ നിരപരാധിത്വം തെളിയിച്ച് മന്ത്രിസഭയിലേക്ക് തിരിച്ചെത്താൻ ആണ് ഈശ്വരപ്പയും ശ്രമിക്കുന്നത്.
എന്നാൽ സംസ്ഥാന മന്ത്രിസഭയിലെ ന്യൂനപക്ഷ പിന്തുണ ഏറെയുള്ള ഈശ്വരപ്പയ്ക്ക് എതിരെ പൊലീസ് നടപടി സ്വീകരിച്ചാൽ തിരിച്ചടിയാകുമോ എന്നും ബി.ജെ.പി ഭയക്കുന്നുണ്ട്.