ബെംഗളൂരു: ശിവമോഗയിൽ ബജ്റങ്ദൾ പ്രവർത്തക ഹർഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരേ വിദ്വേഷ പ്രസ്താവന നടത്തിയ കർണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പക്കെതിരേ പോലിസ് കേസെടുത്തു.
ശിവമോഗ ബിജെപി കോർപറേറ്റർ ചന്നബസപക്കെതിരേയും കേസെടുത്തിട്ടുണ്ട്. ശിവമോഗ സ്വദേശി റിയാസ് അഹമ്മദിന്റെ പരാതിയിലാണ് പ്രത്യേക കോടതിയുടെ നിർദേശ പ്രകാരം ശിവമോഗയിലെ ദൊഡ്ഡപേട്ട് പോലിസ് ഈശ്വരപ്പക്കും കോർപറേറ്റർ ചന്നബസപക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഹർഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടർന്നാണ് ശിവമൊഴു സിറ്റിയിൽ വ്യാപക അക്രമമുണ്ടായതായി റിയാസ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തേ പരാതി നൽകിയെങ്കിലും പോലിസ് സ്വീകരിക്കാൻ തയ്യാറായില്ല.തുടർന്ന് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ഹരജി നൽകി. അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതോടെയാണ് പോലിസ് കേസെടുത്തത്.
മുസ്ലിം ഗുണ്ടകളാണ് ഹർഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു യാതൊരു തെളിവുകൾ ഒന്നുമില്ലാതെ മന്ത്രി പ്രതികരിച്ചത്.