കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 215 ഗ്രാം സ്വര്‍ണം പിടികൂടി. കര്‍ണാടക ബട്ക്കല്‍ സ്വദേശി മുഹമ്മദ് നിഷാന്‍ ആണ് പിടിയിലായത്.ദുബായില്‍ നിന്നും ഗോ ഫസ്റ്റ് വിമാനത്തില്‍ എത്തിയ യാത്രക്കാരനെ ഡിആര്‍ഐയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധിച്ചത്.
സ്വര്‍ണ മിശ്രിതം പൊടിയാക്കിയ ശേഷം പാല്‍പ്പൊടി, കാരെമെല്‍ പൗഡര്‍, കോഫി ക്രീം പൗഡര്‍, ഓറഞ്ച് ടാങ് പൗഡര്‍ എന്നിവയില്‍ കലര്‍ത്തി അതിവിദഗ്ധമായാണ് കടത്താന്‍ ശ്രമിച്ചത്. 11 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വി. ശിവരാമന്‍, സൂപ്രണ്ട് എന്‍ സി പ്രശാന്ത്, ഇന്‍സ്പെക്ടര്‍മാരായ നിവേദിത ജിനദേവ്, രാജീവ് വി, ജിനേഷ്, രാംലാല്‍, ഹെഡ് ഹവല്‍ദാര്‍ തോമസ് സേവ്യര്‍, കോണ്‍ട്രാക്‌ട് സ്റ്റാഫ് പി വി ലിനേഷ്, പ്രീഷ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
ചോരയൊലിച്ച് കിടക്കുന്ന പെൺകുട്ടിയെ സഹായിക്കാതെ വീഡിയോ പകർത്തി ആൾക്കൂട്ടം
ലഖ്‌നൗ : ഗുരുതരമായി പരിക്കേറ്റ് സഹായത്തിനായി അപേക്ഷിക്കുന്ന പെൺകുട്ടിയെ രക്ഷിക്കുന്നതിന് പകരം വീഡിയോ പകർത്തി ആൾക്കൂട്ടം. ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള ക്രൂരമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിലത്ത് വീണ് കിടക്കുന്ന, ചോരയൊലിച്ചുകൊണ്ടിരിക്കുന്ന, പെൺകുട്ടി സഹായത്തിനായി കൈ നീട്ടുമ്പോഴും ആളുകൾ ചുറ്റും കൂടി നിന്ന് വീഡിയോ എടുക്കുകയായിരുന്നു.
ഞായറാഴ്ച വീട്ടിൽ നിന്ന് കാണാതായി മണിക്കൂറുകൾക്ക് ശേഷമാണ് പതിമൂന്നുകാരിയെ തലയിൽ ഉൾപ്പെടെ ഒന്നിലധികം മുറിവുകളോടെ കണ്ടെത്തിയത്. അവൾ സഹായത്തിനായി കേഴുമ്പോഴും പുരുഷന്മാർ അവളെ വിവിധ കോണുകളിൽ നിന്ന് ചിത്രീകരിക്കുന്ന 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
പൊലീസിനെ അറിയിച്ചോ എന്ന് ആരോ ചോദിക്കുന്നതിന്റെ ശബ്ദം കേൾക്കാം. മറ്റൊരാൾ പൊലീസ് മേധാവിയുടെ നമ്പർ ചോദിക്കുന്നുമുണ്ട്. എന്നാൽ പെൺകുട്ടിയെ സഹായിക്കാൻ ശ്രമിക്കാതെ ചിത്രീകരണം തുടരുകയാണ്. പൊലീസ് എത്തുന്നതുവരെ ഇത് തുടർന്നു. ഒരു പോലീസുകാരൻ പരിക്കേറ്റ പെൺകുട്ടിയുമായി ഒരു ഓട്ടോറിക്ഷയിലേക്ക് ഓടുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ലോക്കൽ പോലീസ് അവളെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു,” പോലീസ് സൂപ്രണ്ട് കുൻവർ അനുപം സിംഗ് പ്രസ്താവനയിൽ പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.