ഖര- ദ്രവമാലിന്യ സംസ്കരണം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന് കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ 2,900 കോടി രൂപ അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) നിര്‍ദേശം. മാലിന്യ സംസ്കരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരാതികളില്‍ തുടര്‍ച്ചയായ വാദം കേള്‍ക്കലുകള്‍ക്ക് ശേഷമാണ് ഉത്തരവ്.
മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നതിലും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലുുള്ള വീഴ്ച പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും നാശമുണ്ടാക്കിയെന്നും അതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ 2,900 കോടി രൂപ നഷ്ടപരിഹാരം നല്കാന് ബാധ്യസ്ഥരാണെന്നും എന്‍.ജി.ടി ഉത്തരവില്‍ പറഞ്ഞു. തുക കര്‍ണാടക സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് നിര്‍ദേശം.
ഖര മാലിന്യ സംസ്കരണത്തിനായി കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സും 2016 ഡിസംബര്‍ 22ലെ ട്രൈബ്യൂണലിന്റെ വിധിയും തുടര്‍ന്നുള്ള ഉത്തരവുകളും പാലിക്കുന്നതില്‍ അപര്യാപ്തമാണെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി.
പരിസ്ഥിതിക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കണക്കിലെടുത്താണ് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടതെന്നും ഖര- ദ്രവമാലിന്യ സംസ്കരണത്തിനുള്ള മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാനുള്ള സുപ്രിംകോടതി നിര്‍ദേശങ്ങള്‍ ട്രിബ്യൂണല്‍ പാലിക്കുമെന്നും എന്‍.ജി.ടി പറഞ്ഞു.
2,900 കോടി രൂപ നഷ്ടപരിഹാരത്തില്‍, 540 കോടി രൂപയും ഖരമാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാണ്. പരിഹാര നടപടികള്‍ക്കായി ഉചിതമായ രീതിയില്‍ ഈ ഫണ്ട് വിനിയോഗിക്കാനുള്ള പദ്ധതികള്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് ആവിഷ്കരിക്കാമെന്നും എന്‍.ജി.ടി പറഞ്ഞു.
തടാകങ്ങള്‍ പോലെയുള്ള ശുദ്ധജല സ്രോതസുകള്‍ മാലിന്യമുക്തമായിരിക്കണമെന്നും മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ ഉപയോഗപ്പെടുത്തുകയും ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുകയും വേണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.
“മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ അഗ്നിസുരക്ഷയ്ക്കും പ്രദേശവാസികളുടെ സംരക്ഷണത്തിനുായി വേലി കെട്ടി പരിപാലിക്കേണ്ടതുണ്ട്. പൈതൃക മാലിന്യങ്ങള്‍ നീക്കം ചെയ്തതിനുശേഷം വീണ്ടെടുക്കപ്പെട്ട ഭൂമി ഉപയോഗിക്കേണ്ടതുണ്ട്. അത്തരം ഉപയോഗം എത്രയും വേഗം പ്രഖ്യാപിക്കേണ്ടതുണ്ട്”- ട്രിബ്യൂണല്‍ കൂട്ടിച്ചേര്‍ത്തു.
എംബിബിഎസ് പുസ്തകം ഹിന്ദിയിലാക്കിയതിന് പിന്നാലെ വൈറലായി ഹിന്ദിയിലുള്ള ഡോക്ടറുടെ കുറിപ്പടി
ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രമന്ത്രി അമിത് ഷാ തുടക്കം കുറിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഹിന്ദിയിലുള്ള ഡോക്ടറുടെ കുറിപ്പടി. മുകളില്‍ ശ്രീ ഹരി എന്ന എഴുത്തോടെയാണ് ഡോ. സര്‍വേശ് സിംഗിന്റെ കുറിപ്പടി. മധ്യപ്രദേശിലെ സത്നയിലാണ് സര്‍വേശ് സിംഗ് ജോലി ചെയ്യുന്നത്. ഹിന്ദിയില്‍ എംബിബിഎസ് പഠനത്തിന്റെ ആദ്യപടിയായി മൂന്ന് ടെകസ്റ്റ് ബുക്കുകള്‍ ഇതിനോടകം ഹിന്ദിയിലാക്കിയിരുന്നു.
കേന്ദ്ര അഭ്യന്തര മന്ത്രിയുടെ പരിപാടി കണ്ടതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുറിപ്പടി ഹിന്ദിയിലാക്കിയതെന്നാണ് പ്രാദേശിക മാധ്യമത്തോടെ ഡോ സര്‍വേശ് സിംഗ് പ്രതികരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് കുറിപ്പടികള്‍ ഹിന്ദിയില്‍ നല്‍കാനാണ് ഞായറാഴ്ച അമിത് ഷാ ആവശ്യപ്പെട്ടത്. എന്തിന് നീട്ടിക്കൊണ്ട് പോകണം ഇന്ന് തന്നെ തുടങ്ങാം എന്ന ചിന്തയിലാണ് കുറിപ്പടി ഹിന്ദിയിലാക്കിയതെന്നും സര്‍വേശ് സിംഗ് പ്രതികരിച്ചിട്ടുണ്ട്. അടിവയറ്റില്‍ വേദനയുമായി വന്ന രോഗിക്ക് നല്കിയ മരുന്നും രോഗ വിവരവുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ കുറിപ്പടിയിലുള്ളത്. കേസ് സ്റ്റഡി പൂര്‍ണമായും ഹിന്ദിയിലാണ് എഴുതിയിട്ടുള്ളത്. അഞ്ച് മരുന്നുകളാണ് കുറിച്ച് നല്‍കിയത്. ഇവയും ഹിന്ദിയിലാണ് കുറിച്ചിരിക്കുന്നത്.
രാജ്യത്ത് വലിയ മാറ്റം വരുമെന്ന പ്രഖ്യാപനത്തോടെയാണ് മെഡിസിന് പഠനം ഹിന്ദിയിലാക്കാനുള്ള ചുവട് വയ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. സ്വന്തം ഭാഷയില്‍ പഠിക്കാനാവുന്നത് ലക്ഷക്കണക്കിന് കുട്ടികളെ സഹായിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തല്‍. അവസരങ്ങളുടെ നിരവധി വാതില്‍ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. നേരത്തെ ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുന്ന, രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. ഒരാളുടെ മാതൃഭാഷയിൽ അഭിമാനം സ്ഥാപിക്കാനുള്ള പരിപാടിയാണെന്നും ആളുകളുടെ ചിന്താഗതി മാറ്റുന്നതിനുള്ള നാഴികക്കല്ലായ സംഭവമാണെന്നും ചൗഹാൻ പറഞ്ഞത്.