ആനന്ദപുരം: മൂന്ന് സംസ്ഥാനങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടക പര്യടനം പൂര്‍ത്തിയാക്കി ആന്ധ്രപ്രദേശിലേക്ക് കടന്നു. കര്‍ഷകരെ നേരില്‍ കണ്ട് അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും പരാതികളും സങ്കടങ്ങളും കേട്ടുമായിരുന്നു കര്‍ണാടകത്തിലൂടെയുള്ള രാഹുലിന്റെ പദയാത്ര.
ഇന്ന് രാവിലെ കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ രാംപുരയില്‍ നിന്നാണ് പദയാത്ര പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് 10 മണിയോടെ ആന്ധ്രയില്‍ പ്രവേശിച്ച യാത്ര ആനന്ദപുരത്തെ ജാജിറക്കല്ല് ടോള്‍ പ്ലാസയില്‍ വിശ്രമത്തിനായി നിര്‍ത്തി. തുടര്‍ന്ന് വൈകീട്ട് 4.30ന് പുനരാരംഭിച്ച പദയാത്ര ഒബാലപുരം ഗ്രാമത്തില്‍ അവസാനിപ്പിക്കും. ബെള്ളാരിയിലെ ഹാലകുന്ദി മഠത്തിന് സമീപമാണ് രാത്രി വിശ്രമം.
പദയാത്രയുടെ ഭാഗമായി ബെള്ളാരിയില്‍ വന്‍ റാലി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും പുറമെ, കര്‍ണാടക നേതാക്കളും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഛത്തിസ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ തുടങ്ങിയ ദേശീയ നേതാക്കളും പങ്കെടുക്കും.
കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്രയുടെ 37-ാം ദിനത്തിലാണ് 1,000 കിലോമീറ്റര്‍ പിന്നിട്ടാണ് കല്യാണ കര്‍ണാടക (ഹൈദരാബാദ്-കര്‍ണാടക) മേഖലയിലെ ബെള്ളാരി നഗരത്തില്‍ പ്രവേശിച്ചത്.
കോണ്‍ഗ്രസിന്റെ പഴയ തട്ടകം കൂടിയായ ബെള്ളാരി കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ മേഖലകൂടിയാണ്. അന്തരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജിനെ സോണിയ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട മണ്ഡലമാണ് ബെള്ളാരി.
2008ലെ കര്‍ണാടകയില്‍ ആദ്യമായി അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ കുപ്രസിദ്ധമായ ഖനി അഴിമതിയിലടക്കം മുങ്ങിക്കുളിച്ചപ്പോള്‍ ‘ചലോ ബെള്ളാരി’ പദയാത്ര നയിച്ച് സിദ്ധരാമയ്യ 2013ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവന്ന ചരിത്രവും ബെള്ളാരിയുടെ ഓര്‍മയിലുണ്ട്. ജനാര്‍ദന റെഡ്ഡിയും സഹോദരന്മാരും തീര്‍ത്ത ബി.ജെ.പി സ്വാധീനത്തില്‍ നിന്ന് 30 നിയമസഭ മണ്ഡലങ്ങളുള്ള ബെള്ളാരിയെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം കോണ്‍ഗ്രസിനുണ്ട്.