ബെംഗളൂരു: ഗാന്ധി ജയന്തി ദിനത്തിൽ ഹിന്ദു രാഷ്ട്രത്തിന് ആഹ്വനം ചെയ്ത് റാലി നടത്തി ഹിന്ദുത്വവാദികൾ. കർണാടകയിലെ ഉഡുപ്പിയിലായിരുന്നു സംഭവം. എം.എൽ.എയുടെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘടനയാണ് റാലി സംഘടിപ്പിച്ചത്. പതിനായിരത്തോളം പേരടങ്ങുന്ന സംഘമാണ് ഹിന്ദുരാഷ്ട്രം വേണമെന്ന ആവശ്യവുമായി റാലിക്കിറങ്ങിയത്.
വടിവാളും കയ്യിലേന്തിയായിരുന്നു ഹിന്ദുത്വവാദികളുടെ റാലി. ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട് അടക്കം നിരവധി ജനപ്രതിനിധികൾ റാലിയിൽ പങ്കെടുത്തു. ജില്ലാ പൊലിസ് സേന മാർച്ചിനും മറ്റുപരിപാടികൾക്കും സംരക്ഷണം നൽകിയതായാണ് റിപ്പോർട്ട്.
വിദ്വേഷ പ്രചരണങ്ങളുടെ ഘോഷയാത്ര കൂടിയായിരുന്നു റാലിയെന്നാണ് ദി ന്യൂസ്മി നിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഹിന്ദുക്കൾ ആയുധമെടുക്കണമെന്നായിരുന്നു ഉഡുപ്പിയിലെ ടെലിവിഷൻ റിപോർട്ടർ ശ്രീകാന്ത് ഷെട്ടി കാർക്കളയുടെ ആഹ്വാനം.
എല്ലാ ഹിന്ദു കുടുംബങ്ങളിലും ആയുധം ഉണ്ടായിരിക്കണം. ആയുധപൂജ സമയത്ത്, ഹിന്ദുക്കൾ സൈക്കിൾ, മിക്സി, ഗ്രൈൻഡർ എന്നിവയെ ആരാധിക്കരുത്, പകരം ആയുധങ്ങളെ ആരാധിക്കണം. ആ ആയുധങ്ങൾ ഉപയോഗിക്കാനുള്ള മനസ്സ് നമുക്ക് വളർത്തിയെടുക്കണം’-കാർക്കള പറഞ്ഞു.
ചില സ്ത്രീകൾ ഉഡുപ്പിയുടെ പേര് മോശമാക്കിയെന്നും എങ്കിലും ഹിന്ദു ജാഗരണ വേദികെ അവരുടെ തനിനിറം തുറന്നുകാട്ടിയെന്നും കാർക്കള പറഞ്ഞു.
ഹിജാബ് വിഷയത്തിൽ ഉഡുപ്പിയിൽ നിന്നാണ് പ്രതിഷേധങ്ങൾ തുടക്കമിടുന്നത്. ഈ വിഷയത്തെ ലക്ഷ്യം വെച്ചായിരുന്നു കാർക്കളയുടെ പരാമർശം. ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥിനികൾക്ക് കോളേജുകളിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനിടെ ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ചും പ്രതിഷേധിച്ചിരുന്നു.
കോളേജുകളിൽ ഇപ്പോൾ കാവി നിറത്തിലുള്ള തലപ്പാവാണ് കാണുന്നത്. ഇത് ഫാഷനു വേണ്ടി ധരിക്കുന്നതല്ല, മറിച്ച് സമൂഹം മാറിക്കൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണെന്നും കാവി തലപ്പാവ് മാത്രമല്ല, ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, നിങ്ങൾക്ക് ആയിരം വാളുകൾ കാണാനാകുമെന്നും കാർക്കള പറഞ്ഞു.
അതേസമയം ഗാന്ധി ജയന്തി ദിനത്തിൽ നടത്താനിരുന്ന ആർ.എസ്.എസ് റാലിക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. തിരുച്ചിറപ്പള്ളി, വെല്ലൂർ തുടങ്ങി സംസ്ഥാനത്തെ അമ്പതോളം കേന്ദ്രങ്ങളിലായാണ് മാർച്ച് നടത്താൻ ആർ.എസ്.എസ് തീരുമാനിച്ചിരുന്നത്.
സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങൾ പരിഗണിച്ചാണ് ആർ.എസ്.എസ് മാർച്ചിന് അനുമതി നൽകാതിരുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധം പലഭാഗങ്ങളിലും നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പലയിടത്തും പൊലീസ് കനത്ത ജാഗ്രതയാണ് ഒരുക്കിയിരുന്നു.
പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ചെന്നൈയിൽ മാത്രം നാലായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കോയമ്പത്തൂർ മേഖലയിൽ ആയിരത്തോളം പൊലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നുിവെന്നും ഈ സാഹചര്യത്തിൽ ആർ.എസ്.എസ് നടത്തുന്ന റൂട്ട് മാർച്ചിന് സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.