ബംഗളൂരു: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര എത്തും മുമ്ബേ കര്‍ണാടകയില്‍ പരിപാടിയുടെ പോസ്റ്ററുകള്‍ കീറിയ നിലയില്‍. ഗുണ്ടല്‍പേട്ട് പരിസരത്താണ് പോസ്റ്ററുകള്‍ വലിച്ചുകീറിയ നിലയില്‍ കണ്ടത്. നാളെയാണ് ഭാരത് ജോഡോ യാത്ര കര്‍ണാടകത്തിലെത്തുക.
നാല്പതിലധികം പോസ്റ്ററുകളാണ് കീറിയ നിലയില്‍ കണ്ടെത്തിയത്. രാഹുലിന്റേതിന് പുറമേ മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും വലിച്ചുകീറിയ നിലയിലാണ്. ഇതിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഗുണ്ടല്‍ പേട്ടില്‍ ഹൈവേ കടന്നുപോകുന്ന ഇടങ്ങളിലെ പോസ്റ്ററുകളാണ് കീറിയതായി കണ്ടെത്തിയത്. കര്‍ണാടകത്തില്‍ ഭരണത്തിലുള്ളത് ബിജെപി ആയതുകൊണ്ടു തന്നെ ജോഡോ യാത്ര കോണ്‍ഗ്രസിന് നിര്‍ണായകമാണ്.
അതേസമയം, ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്നാട്ടില്‍ പ്രവേശിച്ചു. 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം. ഇന്ന് രാവിലെ 6.30 ന് നിലമ്ബൂര്‍ ചുങ്കത്തറയില്‍ നിന്നും ആരംഭിച്ച യാത്ര വഴിക്കടവ് വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്. പാര്‍ട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടില്‍ നിന്ന് എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചു. യാത്രയിലെ വന്‍ ജനപങ്കാളിത്തം പാര്‍ട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നു.
രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ; അടുത്ത ദിവസങ്ങളിൽ പ്രിയങ്കയും സോണിയയും ചേരും
ഗൂഡല്ലൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വെച്ച് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കർണാടകയിൽ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും. 19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ഗൂഡല്ലൂരിലെത്തിയത്.
കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പിആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.
കേരളത്തിൽ എത്തിയപ്പോൾ മുതൽ സിപിഎം പരിഹാസവും വിമര്‍ശനവും ഉയർത്തിയെങ്കിലും മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ മുന്നോട്ട് പോയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ, യാത്രക്കിടെ ദേശീയ തലത്തിൽ പാർട്ടി നേരിട്ടത് കടുത്ത പരീക്ഷണങ്ങളാണ്. ഗോവയിൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ക്ഷീണം മാറും മുമ്പാണ് അധ്യക്ഷ സ്ഥാന പ്രതിസന്ധിയിൽ പാർട്ടി ആടിയുലഞ്ഞത്.