കന്നഡ ഭാഷ നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസമാണ് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചത്. ഭാഷയ്ക്കും തദ്ദേശിയർക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിനാണ് പുതിയ ബിൽ. നിയമ പ്രഖ്യാപനത്തിന് പിന്നാലെ ജോലിയിൽ കന്നഡ ജനതയ്ക്ക് പ്രഥമ പരിഗണന നൽകാത്ത കമ്പനികൾക്ക് രജിസ്ട്രേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളിൽ പ്രോൽസാഹനം നൽകില്ലന്ന മുന്നറിയിപ്പും സർക്കാർ നൽകി കഴിഞ്ഞു.
നിർദിഷ്ട കന്നഡ ഭാഷാ ബില്ലിൽ ഇത് സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പടെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി ദിവസ്’ ആചരണത്തിനെതിരെ നിയമസഭയിലും പുറത്തും കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ സംസ്ഥാനത്ത് കന്നട നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്.
കന്നട നിയമം മൂലം നിർബന്ധമാക്കുന്ന ആദ്യത്തെ ബില്ലാണിതെന്നും കന്നട ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുകയെന്നത് സർക്കാറിന്റെ കടമയാണെന്നും അദ്ദേഹം പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞിരുന്നു.പ്രസ്തുത ബിൽ നിയസഭയുടെ മൺസൂൺ സെഷനിൽ അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസത്തിലും ആശയവിനിമയത്തിലും ഭാഷയ്ക്ക് പ്രാധാന്യം നൽകുന്നതിന് പുറമെ, സംസ്ഥാനത്ത് ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനക്കാരെ കന്നഡ സംസാരിക്കാനും എഴുതാനും പഠിപ്പിക്കുന്നതിനും കരട് ബിൽ ഊന്നൽ നൽകുന്നു എന്നാണ് റിപ്പോർട്ട്.
ആരാണ് കന്നഡിഗൻ ?
10ാം ക്ലാസ് വരെ കന്നഡ ഒരു ഭാഷയായി എഴുതാനും, വായിക്കാനും,സംസാരിക്കാനും പഠിച്ച ആളെയാണ് കന്നഡിഗൻ എന്നത് കൊണ്ട് അർഥമാക്കുന്നത് ഇയാൾ 15 വർഷമായി സംസ്ഥാനത്തെ സ്ഥിര താമസക്കാരനും ആയിരിക്കണം. 1984ൽ സമർപ്പിച്ച സരോജിനി മഹിഷി റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് വ്യക്തതവരുത്തിയിരിക്കുന്നത്. കന്നഡിഗരെ സുരക്ഷിതരാക്കുന്നത് സംബന്ധിച്ചും 58 ശുപാർശകൾ റിപ്പോർട്ടിലുണ്ടായിരുന്നു.സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി പോസ്റ്റുകളിൽ 100 ശതമാനം സംവരണം കന്നഡക്കാർക്ക് നൽകണമെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന ശുപാർശ. പൊതുമേഖല സ്ഥാപനങ്ങൾക്ക് പുറമേ, സ്വകാര്യ കമ്പനികൾ ബഹുരാഷ്ട്ര കമ്പനികൾ എന്നിവടങ്ങളിലും ഒരു നിർദിഷ്ട ശതമാനം കന്നഡിഗർക്കായി ഉറപ്പ് വരത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു.
പുതിയ ബില്ല് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ബില്ലിന്റെ പ്രാധാന്യത്തെക്കുറിച്ചും കന്നഡക്കാർക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കന്നഡ വികസന അതോറിറ്റി ചെയർമാൻ ടി എസ് നാഗാഭരണ തന്നെ വ്യകതമാക്കുന്നു.കന്നഡ ഭാഷ കൂടുതൽ ഫലപ്രദമാക്കാൻ പുതിയ ബില്ല് സഹായിക്കുമെന്ന് ടി എസ് നാഗാഭരണ പറയുന്നു. ബോർഡിന്റെ പ്രവർത്തനങ്ങളിലുൾപ്പട്ടെ കന്നഡ ഭാഷ ശക്തമാക്കാൻ് അധികാര കേന്ദ്രങ്ങൾക്ക് ശക്തി നൽകുന്നതാണ് പുതിയ ബില്ലെന്ന് ടി എസ് നാഗാഭരണ പറയുന്നു. ഭാഷപരമായ ഉത്തരവുകൾ ലംഘിക്കുന്നവർക്ക് നേരത്തെ ഉണ്ടായിരുന്നത് അച്ചടക്ക നടപടി മാത്രമായിരുന്നെങ്കിൽ പുതിയ നിയമത്തിലൂടെ പിഴയുൾപ്പടെയുള്ള കാര്യങ്ങൾ ചുമത്താൻ സാധിക്കും. ഇത് ഭാഷപരമായ മുൻഗണനകൾക്ക് കൂടുതൽ ശക്തി നൽകാൻ സഹായിക്കുമെന്നും അദേഹം പറയുന്നു.
കരട് ബില്ലിലെ പ്രധാനപ്പെട്ട നിർദേശങ്ങളിൽ ചിലത് സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്ന എല്ലാ ആശയവിനിമയങ്ങൾക്കും ബില്ലുകൾക്കും കന്നഡ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാൻ ബിൽ നിർദ്ദേശിക്കുന്നു. കർണാടക ഗവർണർ പുറപ്പെടുവിച്ച എല്ലാ ഓർഡിനൻസുകളും സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും വകുപ്പുകളും വ്യവസായങ്ങളും സഹകരണ സംഘങ്ങളും കന്നഡയിലായിരിക്കണം.
“എല്ലാ കീഴ്ക്കോടതികളും സംസ്ഥാന ട്രൈബ്യൂണലുകളും അർദ്ധ ജുഡീഷ്യൽ ബോഡികളും കന്നഡയിൽ നടപടിക്രമങ്ങൾ നടത്തി ഉത്തരവുകൾ പുറപ്പെടുവിക്കണമെന്ന് നിർബന്ധമാണെന്ന് ബിൽ പറയുന്നു. എന്നാൽ നിയമനടപടികളിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള എല്ലാ നെയിംപ്ലേറ്റുകളും കന്നഡയിലായിരിക്കണം, കൂടാതെ ഗവൺമെന്റിന്റെയും അതിന്റെ ധനസഹായമുള്ള സംഘടനകളുടെയും പ്രോഗ്രാം ബ്രോഷറുകളും ബാനറുകളും സംസ്ഥാനത്തിന്റെ ഭാഷയിൽ അച്ചടിക്കണം. പത്താം ക്ലാസ് (എസ്എസ്എൽസി) വരെ കന്നഡ ഒരു വിഷയമായി എടുത്തിട്ടില്ലാത്ത എല്ലാ സാങ്കേതിക, പ്രൊഫഷണൽ വിദ്യാഭ്യാസ വിദ്യാർഥികളെയും കന്നഡ പഠിപ്പിക്കുന്നതിന് ഊന്നൽ നൽകണമെന്ന് ബില്ലിൽ പറയുന്നു. ഇതിൽ “കന്നഡ സംസ്കാരവും ധാർമ്മികതയും” മനസിലാക്കാൻ അധിക ക്ലാസുകൾ നൽകണം
സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന ഒരാൾ 10-ാം ക്ലാസിൽ കന്നഡ ഒന്നാം അല്ലെങ്കിൽ രണ്ടാം ഭാഷയായി എടുത്തിട്ടില്ലെന്ന് കണ്ടെത്തിയാൽ, മറ്റ് നിർദ്ദിഷ്ട യോഗ്യതകൾക്കൊപ്പം, അവൻ/അവൾ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ സംഘടിപ്പിക്കുന്ന തത്തുല്യമായ കന്നഡ പരീക്ഷ എഴുതി യോഗ്യത നേടുക. 100ൽ അധികം ജീവനക്കാരുള്ള എല്ലാ സംസ്ഥാന, കേന്ദ്ര സ്ഥാപനങ്ങളിലും കന്നഡ സംസാരിക്കാത്തവരെ കന്നഡ പഠിപ്പിക്കാൻ ശിൽപശാലകൾ നടത്തണമെന്നും കരട് ബില്ലിൽ ശുപാർശ ചെയ്തിട്ടുണ്ട്.
ബില്ലിനോടുള്ള പ്രതികരണങ്ങൾ
‘ഭാഷാഭേദമില്ലാതെ എല്ലാ പൗരന്മാരും അടക്കുന്ന നികുതിയിൽ നിന്നാണ് പ്രോത്സാഹനങ്ങളും സഹായങ്ങളും ലഭിക്കുന്നത്! ഇത് വളരെ തെറ്റും വിവേചനപരവുമാണ്’ എന്നായിരുന്നു ഇൻഫോസിസ് മുൻ ഡയറക്ടറും ആറിൻ ക്യാപിറ്റൽ ചെയർമാനുമായ മോഹൻദാസ് പൈ ട്വിറ്ററിൽ പ്രതികരിച്ചത്. ബെംഗളൂരുവിലെ നിരവധി പൗരപ്രശ്നങ്ങൾ ഉൾപ്പടെ പരിഹരിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്ന ആളാണ് മോഹൻദാസ് പൈ.
‘സർ, ഭാഷാഭേദമില്ലാതെ എല്ലാ പൗരന്മാരും അടക്കുന്ന നികുതിയിൽ നിന്നാണ് പ്രോത്സാഹനങ്ങളും സഹായങ്ങളും ലഭിക്കുന്നത്! ഇത് വളരെ തെറ്റും വിവേചനപരവുമാണ്! തൊഴിലുടമകൾ ജോലിയിൽ വിവേചനം കാണിക്കരുത്! ദയവായി പൗരന്മാരെ പരിശീലിപ്പിക്കാൻ പണം ചെലവഴിക്കുക’. അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ ഈ നീക്കം വിവേചനമല്ല, ഭാഷാധിഷ്ഠിത പൗരന്മാരെ സംരക്ഷിക്കാനാണ് എന്നായിരുന്നു മോഹൻദാസ് പൈയുടെ ട്വീറ്റിനോടുള്ള കന്നഡ വികസന അതോറിറ്റി ചെയർമാൻ ടി എസ് നാഗാഭരണയുടെ പ്രതികരണം.
“ഓരോ പൗരനും നികുതി അടക്കുന്നു, സംശയമില്ല, എന്നാൽ കർണാടകയിൽ ഒരു കന്നഡിഗൻ സ്വന്തം സംസ്ഥാനത്ത് നികുതിയടക്കുമ്പോൾ എന്ത് നേട്ടമാണ് ലഭിക്കുന്നത്? കന്നഡക്കാരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും അടച്ച നികുതിയുടെ ശതമാനം കണക്കാക്കാം. കന്നഡക്കാരല്ലാത്തവർ മാത്രം നികുതി അടക്കുന്നുണ്ടോ?, ഇത് വിവേചനമല്ല, ഭാഷയെയും ഭാഷാധിഷ്ഠിത പൗരന്മാരെയും സംരക്ഷിക്കുകയാണ്, അല്ലാത്തപക്ഷം, ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വേർതിരിക്കുന്നതിന്റെ ഉദ്ദേശ്യം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
107 ഭാഷകൾ സംസാരിക്കുന്ന നഗരമാണ് ബെംഗളൂരുവെന്നും നാഗാഭരണ കൂട്ടിച്ചേർത്തു. “ഭാഷയിൽ തന്നെ ഇത്രയധികം വൈവിധ്യങ്ങൾ ഉള്ളപ്പോൾ നമ്മൾ എങ്ങനെ ഭാഷയെ സംരക്ഷിക്കും? ഐടിക്കാർ മാത്രമാണ് നികുതി അടയ്ക്കുന്നതെന്ന് കരുതരുത്, ഒരു ചെറുകിട കർഷകൻ പോലും നികുതി അടയ്ക്കുന്നു. നാട്ടുകാരനായ കന്നഡിഗനും അവന്റെ നികുതി അടയ്ക്കുന്ന പണം പണമല്ലേ?” എന്നും മോഹൻദാസ് പൈക്ക് മറുപടിയായി അദേഹം ചോദിക്കുന്നു.
ബിൽ വരുന്നതോടെ എന്തെല്ലാം ശുപാർശകൾ പാലിക്കുന്നതിനും കന്നഡക്കാർക്ക് മുൻഗണന നൽകുന്നതിലും സർക്കാർ മേഖല പ്രശസ്തമാണെങ്കിലും സ്വകാര്യമേഖല അത് ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിയമം ലംഘിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക വൻകിട, ഇടത്തരം വ്യവസായ മന്ത്രി മുരുഗേഷ് നിരാനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“2020-25 ലെ വ്യാവസായിക നയത്തിലെ ഒരു ഭാഗം അനുസരിച്ച്, വ്യക്തിഗത യൂണിറ്റുകൾ ഡി ഗ്രൂപ്പിൽ 100% ജോലിയും മൊത്തം ജോലിയുടെ 70% വും കന്നഡിഗർക്ക് നൽകണം. ഡോ സരോജിനി മഹിഷി റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തെ 85% ജോലികളും കന്നഡിഗർക്കുള്ളതാകണം. സ്ഥാപനങ്ങൾ ഈ വ്യവസ്ഥ ലംഘിച്ചാൽ ഞങ്ങൾ നടപടിയെടുക്കും, “
അതേസമയം ബൊമ്മൈ സർക്കാരിന്റെ നിർദിഷ്ട ബില്ലിൽ കന്നഡ അനുകൂല പ്രവർത്തകർ ആശങ്കയിലാണ്. ബിൽ ‘വെള്ളം ചേർക്കാത്ത’ രീതിയിൽ രൂപപ്പെടുത്തിയില്ലെങ്കിൽ, കന്നഡ നടപ്പാക്കുന്നതിനെതിരായ ഏത് കേസും കോടതിയിൽ പരാജയം സംഭവിക്കുമെന്ന് അവർ പറയുന്നു. ഇത്തരം നിരവധി നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നടപ്പാക്കൽ തൃപ്തികരമല്ലായിരുന്നെന്നും സോഫ്റ്റ്വെയർ എഞ്ചിനീയറും കർണാടക സംരക്ഷണ വേദികെ (കെആർവി) സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ അരുൺ ജവഗൽ പറഞ്ഞു,
14″അവർ കന്നഡ നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവർ അത് ശരിയായ രീതിയിൽ ചെയ്യണം. അത് നിയമപരമായി ശക്തമായി നിലകൊള്ളണം. ഉദാഹരണത്തിന്, നെയിംപ്ലേറ്റുകളിൽ കന്നഡ ഉപയോഗിക്കണമെന്ന് ചട്ടം ഉണ്ടായിരുന്നു. അത് കൈകാര്യം ചെയ്യാൻ കർണാടക തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തി.എന്നാൽ ടെലികോം കമ്പനി അതിനെതിരെ കേസ് ഫയൽ ചെയ്യുകയും പ്രസ്തുത നിയമം നടപ്പിലാക്കുന്നതിൽ തൊഴിൽ വകുപ്പിന് പങ്കില്ലെന്ന് കോടതി നിരീക്ഷിച്ചതിനാൽ കേസ് തോൽക്കുകയും ചെയ്തു,” ജവഗൽ വിശദീകരിച്ചു.
“ഇപ്പോഴും ഞങ്ങൾ പറയുന്നത്, ഗവൺമെന്റ് ശ്രദ്ധാപൂർവം മുന്നോട്ട് പോകുകയും പഴുതുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യണമെന്നാണ്. ശരി ചെയ്താൽ അത് വലിയ സഹായമാകും. സർക്കാർ ഇത് ഒരു രാഷ്ട്രീയ നീക്കമാക്കാത്തെ നടപ്പാക്കാണം. ഇത് അവർ നടപ്പാക്കുക തന്നെ വേണം. കർണാടകയിലെ ജനങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുക,” ആക്ടിവിസ്റ്റ് കൂട്ടിച്ചേർത്തു.
‘കന്നഡിഗൻ’ പുനർനിർവചിക്കാൻ എച്ച് ഡി കുമാരസ്വാമി നടത്തിയ നീക്കം 2019-ൽ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ ‘കന്നഡിഗരെ’ പുനർനിർവചിക്കുന്ന കരട് വിജ്ഞാപനം നിർദ്ദേശിച്ചിരുന്നു. ഇതിലൂടെ കന്നഡ ഒരു വിഷയമാക്കി പത്താം ക്ലാസ് പാസാകണമെന്ന നിബന്ധന പൂർണമായും ഇല്ലാതാക്കുകയും താമസ കാലയളവ് കുറയ്ക്കുകയും ചെയ്തു.നിർബന്ധിത ക്വാട്ടയിൽ കന്നഡിഗൻ എന്ന നിലയിൽ ആളുകൾക്ക് ജോലി അപേക്ഷിക്കുന്നതിനുള്ള അവസരം വർധിപ്പിക്കാനായിരുന്നു ശ്രമം. നിർദ്ദേശങ്ങൾക്കായി വിജ്ഞാപനം പരസ്യമാക്കി. എന്നാൽ പിന്നീട് നീക്കം അനിശ്ചിതത്വത്തിലായി.
സരോജിനി മഹിഷി റിപ്പോർട്ടിലെ ശുപാർശകൾ പ്രാധാന്യമില്ലാതെ ആവുകയും തദ്ദേശീയരായ കന്നഡക്കാരുടെ അവസരങ്ങൾ കുറയ്ക്കുകയും ചെയ്യുമെന്നായിരുന്നു കുമാര സ്വാമിയുടെ നീക്കത്തിനെതിരായ പ്രധാന വിമർശനം. വിമർശനങ്ങൾ ഉയർന്നതോടെ സർക്കാരും പ്രതിസന്ധിയിലായി. തുടർന്ന് നിരവധി കന്നഡ അനുകൂല പ്രവർത്തകരും സംഘടനകളും കുമാര സ്വാമിയുടെ നീക്കത്തെ എതിർത്തിരുന്നു. ഇതോടെയാണ് കന്നഡിഗൻ പുനർ നിർവചിക്കാനുള്ള എച്ച് ഡി കുമാര സ്വാമിയുടെ നീക്കം അനിശ്ചിതത്വത്തിലായത്.