ബെംഗളൂരു:പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ പഠനം നടത്താൻ കർണാടക സർക്കാർ. പശ്ചിമഘട്ടത്തിന്റെ ആവാസശേഷി സംബന്ധിച്ച പഠനം നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് വനംവകുപ്പ് മന്ത്രി ഈശ്വർ ഖാൻഡ്രെ അറിയിച്ചു. ജൈവവൈവിധ്യ ബോർഡ് സെക്രട്ടറി, ആസൂത്രണ-ഗവേഷണ വിഭാഗം ഉദ്യോഗസ്ഥർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ തുടങ്ങിയവരടങ്ങുന്ന സമിതിയാകും പഠനം നടത്തുന്നത്. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഉരുൾപൊട്ടൽ, ജൈവസമ്പത്ത് നേരിടുന്ന ഭീഷണി എന്നിവയുടെ പശ്ചാത്തലത്തിലാണ് പശ്ചിമഘട്ടത്തെക്കുറിച്ച് സർക്കാർ വീണ്ടും പഠനം നടത്തുന്നത്. ജനവാസവും വികസന പദ്ധതികളും പശ്ചിമഘട്ടത്തിന് താങ്ങാനാകുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നിലവിലെ സ്ഥിതിയിൽ മുന്നോട്ടുപോയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുടക്, ദക്ഷിണകന്നഡ തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞിടയ്ക്കുണ്ടായ ഉരുൾപൊട്ടൽ പശ്ചിമഘട്ടം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ പരിണതഫലമാണെന്നാണ് കരുതപ്പെടുന്നത്.
സംസ്ഥാനത്തെ വനമേഖലയുടെ 60 ശതമാനവും പശ്ചിമഘട്ടത്തിലാണ്. മഴയുടെ ലഭ്യതയടക്കം നിർണയിക്കുന്നത് പശ്ചിമഘട്ടത്തിന്റെ സാന്നിധ്യമാണ്. അതിനാൽ പശ്ചിമഘട്ടം സംരക്ഷിക്കാൻ സാധിക്കാതെവന്നാൽ ജലക്ഷാമവും നേരിടേണ്ടിവരുമെന്ന ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിലെ പുതിയ പദ്ധതിയുടെ നടത്തിപ്പ് പഠനറിപ്പോർട്ട് പരിഗണിച്ചായിരിക്കും നടത്തുക. നിലവിൽ നടത്തുന്ന റോഡ് വികസനം അടക്കമുള്ള അടിസ്ഥാനസൗകര്യ പദ്ധതികൾ പശ്ചിമഘട്ടത്തെ എത്രമാത്രം ബാധിച്ചെന്നും പഠനത്തിൽനിന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.