ബെംഗളൂരു: രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം നല്‍കി കര്‍ണാടക. എല്ലാ സര്‍ക്കാര്‍ സേവനങ്ങളിലും ‘ട്രാന്‍സ്ജെന്‍ഡര്‍’ സമൂഹത്തിന് ഒരു ശതമാനം സംവരണം ആണ് നല്‍കിയിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡറുകളുടെ ക്ഷേമത്തിനുവേണ്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഗമ എന്ന സംഘടന കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്‌പര്യഹര്‍ജിയിലാണ് സര്‍ക്കാര്‍ സംവരണ നയം അറിയിച്ചത്.
1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടം ഭേദഗതി ചെയ്‌ത് വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജനറല്‍, എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ നിന്ന് ഒരു ശതമാനം വീതം നല്‍കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം റിസര്‍വ് പോലീസുകാരുടെ തസ്തികയിലേക്ക് നിയമനം നടത്തിയപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് സംഗമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം സര്‍ക്കാര്‍ ജോലികള്‍ക്കായി അപേക്ഷ ക്ഷണിക്കുമ്ബോള്‍ സ്ത്രീ/പുരുഷന്‍ എന്നീ വിഭാഗത്തിന് പുറമെ ‘മറ്റുള്ളവ’ എന്ന വിഭാഗം കൂടി ഉള്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സിനോട് യാതൊരു തരത്തിലുള്ള വിവേചനവും പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍, ഒരു സ്ത്രീക്ക് അല്ലെങ്കില്‍ പുരുഷന് ആ ജോലി നല്‍കാം.