ബെംഗളൂരു : കർണാടകത്തിൽഎട്ടുവർഷംമുമ്പ് നടത്തിയ ജാതി സെൻസസ് റിപ്പോർട്ട് അടുത്തമാസം സർക്കാരിന് കൈമാറും. റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ സർക്കാരിനുമേൽ സമ്മർദമേറുന്നതിനിടെയാണ് റിപ്പോർട്ട് കൈമാറുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല.കഴിഞ്ഞദിവസം ബിഹാറിൽ ജാതി സെൻസസ് സർക്കാർ പുറത്തുവിട്ടതിനു പിന്നാലെ കർണാടകത്തിലും സെൻസസ് കണക്ക് പുറത്തുവിടണമെന്ന് കോൺഗ്രസിലെ ദളിത്, പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള ബി.കെ. ഹരിപ്രസാദ് എം.എൽ.സി., ബസവരാജ് രായറെഡ്ഡി എം.എൽ.എ., മന്ത്രി കെ.എച്ച്. മുനിയപ്പ തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് പുറത്തുവിട്ടാൽ സംസ്ഥാനത്തെ പ്രബലസമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളുടെ എതിർപ്പ് സർക്കാരിനു നേർക്കുണ്ടാകുമോയെന്ന് കോൺഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്. സെൻസസ് കണക്ക് പ്രകാരം ഈ വിഭാഗങ്ങളുടെ യാഥാർഥശക്തി ദളിത്, പിന്നാക്ക വിഭാഗങ്ങളേക്കാൾ താഴെയാണെന്നാണ് അനൗദ്യോഗികമായി പുറത്തുവന്ന വിവരം. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളുടെ എതിർപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ദോഷകരമായി ബാധിക്കും.പിന്നാക്കവിഭാഗക്കമ്മിഷൻ ചെയർമാൻ മുൻ എം.പി. ജയപ്രകാശ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുന്നത്.
ജാതി സെൻസസിന്റെ റിപ്പോർട്ട് പുറത്തുവിടുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ വാഗ്ദാനമായിരുന്നു.2015-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് അന്നത്തെ ഒ.ബി.സി. കമ്മിഷൻ ചെയർമാൻ കെ. കന്തരാജിന്റെ നേതൃത്വത്തിലുള്ള കമ്മിഷനെ സെൻസസിനായി (സോഷ്യോ ഇക്കണോമിക് ആൻഡ് എജുക്കേഷൻ സർവേ) നിയോഗിച്ചത്.2017-ൽ സെൻസസ് പൂർത്തിയായെങ്കിലും റിപ്പോർട്ട് സമർപ്പിച്ചില്ല. പിന്നീടുവന്ന ജെ.ഡി.എസ്.-കോൺഗ്രസ് സഖ്യസർക്കാരും ബി.ജെ.പി. സർക്കാരും ഇതിന് മുൻകൈയെടുത്തില്ല. ഇത്തവണ സിദ്ധരാമയ്യ മുഖ്യമന്ത്രിയായശേഷം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്റെ കാലാവധി നവംബറിൽ അവസാനിക്കും
ബെംഗളൂരുവില്‍ മെട്രോ ട്രാക്ക് പരിശോധനാ വാഹനം പാളത്തില്‍ കുടുങ്ങി
മെട്രോ ട്രാക്ക് പരിശോധനാ വാഹനം പാളത്തില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ഗ്രീൻ ലൈനില്‍ മെട്രോ സര്‍വീസ് മണിക്കൂറുകളോളം താറുമാറായി.ചൊവ്വാഴ്ച പുലര്‍ച്ചെ രാജാജിനഗര്‍ മെട്രോ സ്റ്റേഷനു സമീപത്താണ് വാഹനം കുടുങ്ങിയത്. ഇതോടെ മെട്രോ സര്‍വീസ് അധികൃതര്‍ നിര്‍ത്തിവെച്ചു.പിന്നീട് ഒരു ട്രാക്കിലൂടെ ട്രെയിൻ കടത്തിവിട്ടെങ്കിലും സര്‍വീസുകളുടെ സമയക്രമം പൂര്‍ണമായും താറുമാറായി. ഉച്ചയ്ക്കുശേഷം 3.40-നാണ് ക്രെയിൻ ഉപയോഗിച്ച് പരിശോധനാവാഹനം പാളത്തില്‍നിന്ന് മാറ്റിയത്.
തുടര്‍ന്ന് സര്‍വീസ് സാധാരണ ഗതിയിലായി.യശ്വന്തപുര സ്റ്റേഷൻമുതല്‍ സാംപിഗെ റോഡ് മെട്രോസ്റ്റേഷൻവരെയുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്. ഓഫീസിലേക്കും കോളേജിലേക്കും പോകേണ്ട നൂറുകണക്കിന് യാത്രക്കാര്‍ യശ്വന്തപുര സ്റ്റേഷനില്‍ കുടുങ്ങി. സ്റ്റേഷനില്‍ വലിയ തിരക്കായതോടെ ഇവിടെനിന്ന് മജെസ്റ്റിക് ബസ് സ്റ്റാൻഡിലേക്ക് ബി.എം.ടി.സി. പ്രത്യേക ബസ് സര്‍വീസ് നടത്തി. നാഗസാന്ദ്ര, രാജാജിനഗര്‍ സ്റ്റേഷനുകള്‍ അടച്ചിട്ടു.