ബെംഗളൂരു: ഹംപിയിൽ ഇസ്രായേലി വിനോദ സഞ്ചാരിയേയും ഹോം സ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കുന്നു. സംസ്ഥാനത്തെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
ഹംപിയുൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കും. നിലവിലുള്ള സുരക്ഷാ നടപടികൾ സർക്കാർ പുനഃപരിശോധിക്കും. കഴിഞ്ഞദിവസം ഹംപിയിൽ നടന്ന പോലത്തെ സംഭവങ്ങൾ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും. ഒരു വശത്ത് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് ഇതുപോലുള്ള സംഭവങ്ങൾ വിനോദസഞ്ചാരികളെ നമ്മുടെ രാജ്യം സന്ദർശിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുവെന്നും പരമേശ്വര പറഞ്ഞു.
കഴിഞ്ഞദിവസം ഹംപിക്ക് സമീപം അനെഗുണ്ടിയിലാണ് 27-കാരിയായ ഇസ്രയേലി വിനോദസഞ്ചാരിയെയും 29-കാരിയായ ഹോം സ്റ്റേ ഉടമയെയും മൂന്നുപേർ ബലാത്സംഗം ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരെ അക്രമികൾ കനാലിൽ തള്ളിയിട്ട ശേഷമായിരുന്നു കൃത്യം നടത്തിയത്. ഇതിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും ഒരാൾ മരിച്ചു. സംഭവത്തിൽ രണ്ടുപേരെ നേരത്തെ തന്നെപോലീസ് അറസ്റ്റുചെയ്തിരുന്നു. മൂന്നാം പ്രതിയെ ഞായറാഴ്ച തമിഴ്നാട്ടിൽ വെച്ചാണ് പിടികൂടിയത്.