ബംഗളൂരു: കര്‍ണാടകയില്‍ പാഠപുസ്തക പരിഷ്കരണ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജൂണ്‍ രണ്ടിന് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എഴുത്തുകാരായ ഡോ. ജി.എസ്. ശിവരുദ്രപ്പ, എസ്.ജി സിദ്ധരാമയ്യ, എച്ച്.എസ്. രാഘവേന്ദ്ര റാവു, നടരാജ ബുദാലു, ചന്ദ്രശേഖര്‍ നംഗ്ലി എന്നിവര്‍ പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സമീപകാലത്ത് നടക്കുന്ന ഭരണഘടനാ വിരുദ്ധമായ ആക്രമണങ്ങളിലും അടിച്ചമര്‍ത്തലിലും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അവര്‍ അറിയിച്ചു.
ഭരണകൂടത്തെയും ഫെഡറല്‍ ഘടനയെയും തകര്‍ക്കുകയും സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നവര്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതും മൗനമായി പിന്തുണ നല്‍കുന്നതും തങ്ങളില്‍ ഉത്കണ്ഠയും ഭയവും സൃഷ്ടിക്കുന്നതായും അവര്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു. പാഠപുസ്തക പരിഷ്കരണങ്ങളോടുള്ള പ്രതിഷേധ സൂചകമായി കവി സിദ്ധരാമയ്യ തന്‍റെ കവിത ഒമ്ബതാം ക്ലാസ് കന്നഡ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. നേരത്തെ പ്രമുഖ എഴുത്തുകാരായ ദേവനൂര മഹാദേവയും ജി. രാമകൃഷ്ണയും തങ്ങളുടെ സൃഷ്ടികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ കര്‍ണാടകയിലെ നിരവധി എഴുത്തുകാരും വിദ്യാഭ്യാസപണ്ഡിതമാരും പാഠപുസ്തക പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് വിവിധ സര്‍ക്കാര്‍ കമ്മിറ്റികളില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കുകയും കാവിവല്‍ക്കരിക്കുകയുമാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസ പണ്ഡിതന്‍ വി.പി നിരഞ്ജനാരാധ്യ അഭിപ്രായപ്പെട്ടു. പാഠപുസ്തക പരിഷ്കരണപ്രക്രിയയില്‍ ഭരണഘടനാ മൂല്യങ്ങളോ, വിദ്യാഭ്യാസ നയങ്ങളോ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്, മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍, ലിംഗായത്ത് സാമൂഹിക പരിഷ്കര്‍ത്താവ് ബസവണ്ണ, നവോത്ഥാന നേതാക്കമാരായ പെരിയാര്‍, ശ്രീനാരായണഗുരു, എന്നിവരുടെക്കുറിച്ചുള്ള അധ്യായങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയുകയോ, വെട്ടിച്ചുരുക്കുകയോ ചെയ്തതായി വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ആര്‍.എസ്.എസ് സ്ഥാപകന്‍റേതുള്‍പ്പടെയുള്ളവരുടെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളെ യഥാര്‍ഥ ചരിത്രം പഠിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞത് വിവാദമായിരുന്നു.