ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള ലോക്ക് ഡൗൺ മൂലം മാറ്റിവച്ച കർണാടക സിലബസിലെ പത്താം ക്ലാസ് പരീക്ഷയുടെ തീയതി ഇന്ന് വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ്കുമാർ പ്രഖ്യാപിച്ചു.കോവിഡ് രണ്ടാം തരംഗം മൂലം അനിശ്ചിതത്വത്തിലായ എസ്.എസ്.എൽ.സി പരീക്ഷ ജൂലൈ രണ്ടാം വാരത്തിൽ നടത്തുമെന്ന് സർക്കാർ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.
മുൻപ് ജൂൺ 21 മുതൽ ജൂലൈ 5 വരെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. 8.7 ലക്ഷം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷ ഒബ്ജക്റ്റീവ് രീതിയിൽ 2 ദിവസത്തേക്കായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.ജൂലൈ 19,22 തീയതികളിൽ 2 ദിവസങ്ങളിലായാണ് ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകൾ നടക്കുന്നത് . ശാസ്ത്ര വിഷയങ്ങളായ ഗണിത ശാസ്ത്രം, സാമൂഹിക ശാസ്ത്രം ,സയൻസ് എന്നിവ ജൂലൈ 19നും ഭാഷാ വിഷയങ്ങൾ ജൂലൈ 22 നും നടത്തുമെന്നും, പരീക്ഷകൾ 10:30 ന് തുടങ്ങി 01:30 ന് അവസാനിക്കുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന വിദ്യർത്ഥികൾക്കും കോവിഡ് കെയർ സെന്ററുകൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തും, അവിടെ എത്താൻ പ്രാദേശിക ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആംബുലൻസ് സർവീസ് ഒരുക്കും.സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷക്ക് ഹാജരാകാം, പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അവസരവുമുണ്ട്.കോവിഡ് ബാധിതരുടെ ഉത്തരക്കടലാസുകൾ സാനിറ്റൈസ് ചെയ്യും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ അധ്യപക-അനധ്യാപകർ കോവിഡ് വാക്സിൻ ഒരു ഡോസ് എങ്കിലും എടുത്തിരിക്കണം. ആർ.ടി.പി.സി.ആർ.പരിശോധനയും നടത്തണം.