ബംഗളൂരു: കര്‍ണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും (Congress Leader) സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ ( Brijesh Kalappa) പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. പിന്നാലെ അദ്ദേഹം ആംആദ്മിയില്‍ ചേരുകയാണെന്ന് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോൺഗ്രസ് വിടുന്നതായി കലപ്പ അറിയിച്ചത്. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടമായെന്നും 1997 മുതലുള്ള ബന്ധം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. പാനല്‍ ഡിബേറ്റുകളിലും ചാനല്‍ ചര്‍ച്ചകളിലുമടക്കം കോണ്‍ഗ്രസിന്റെ മുഖമായിരുന്നു ബ്രിജേഷ് കലപ്പ.
ദേശീയ തലത്തിൽ കോൺഗ്രസിലെ വിവിധ ചുമതലകൾ ബ്രിജേഷ് കലപ്പ വഹിച്ചിരുന്നു. രാജ്യസഭാ സീറ്റിലേക്ക് അടക്കം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. ഇന്നലെ വർക്കിംഗ് പ്രസിഡന്‍റായിരുന്ന ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരുമെന്ന വാർത്ത പുറത്ത് വന്നത് കോൺഗ്രസ് വലിയ തിരിച്ചടി നൽകിയിരുന്നു. ഹാർദിക് പട്ടേൽ മെയ് 18-നാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താൻ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്നും ഹാർദിക് വ്യക്തമാക്കുന്നു. 28-കാരനായ പടിദാർ നേതാവ്, കോൺഗ്രസിന്‍റെ പട്ടേൽ സമുദായവോട്ട് ബാങ്കിന്‍റെ മുഖമായിരുന്നു.
സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്നേഷ് മേവാനിക്കൊപ്പമാണ് 2019-ൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അന്ന് ഹാർദിക് പട്ടേൽ ഔദ്യോഗികമായിത്തന്നെ കോൺഗ്രസിൽ ചേർന്നു. എംഎൽഎ സ്ഥാനമുള്ളതിനാൽ ജിഗ്നേഷ് മേവാനി പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിക്കുക മാത്രം ചെയ്തു.
ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹത്തോട് തെരഞ്ഞെടുപ്പിനുള്ള അവസരം എപ്പോഴും ഉണ്ടെന്നും തന്‍റെ ഭാവി നോക്കേണ്ടതുണ്ടന്നും കോൺഗ്രസിൽ നിന്ന് വിട്ടുപോരുന്നതിന് മുമ്പേ തന്നെ ഹാർദിക് പട്ടേൽ പറഞ്ഞിരുന്നതാണ്. ഹൈക്കമാന്‍റുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും എന്നാൽ സംസ്ഥാനനേതൃത്വം തന്നെ എപ്പോഴും അവഗണിക്കുകയാണെന്നുമായിരുന്നു ഹാർദിക് പട്ടേലിന്‍റെ ആരോപണം. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നതെന്ന് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റാക്കിയ സച്ചിന്‍ പൈലറ്റ് കഷ്ടപ്പെട്ട് ജോലി ചെയ്തു . എന്നാല്‍ അവസരം വന്നപ്പോള്‍ സച്ചിന്‍ ഒഴിവാക്കപ്പെട്ടുവെന്നും ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തുന്നു.
ഗുജറാത്തില്‍ ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ സമുദായത്തില്‍ കാര്യമായ സ്വാധീനമുള്ള നരേഷ് പട്ടേലിനെ കോണ്‍ഗ്രസില്‍ എത്തിക്കാനാണ് പാർട്ടിയുടെ ശ്രമം. നരേഷ് പട്ടേല്‍ എത്തുന്നതോടെ തന്‍റെ അവസരം നഷ്ടപ്പെടുമെന്ന കണക്കുകൂട്ടലാണ് ഹാർദിക് പട്ടേലിന്‍റെ എതിര്‍പ്പിന് കാരണം. വിവാദ വിഷയങ്ങളിൽ ഒരു തീരുമാനമെടുക്കുന്നതിലുള്ള ബിജെപിയുടെ കഴിവിനെ അഭിമുഖത്തില്‍ പ്രശംസിച്ച ഹാര്‍ദിക് നേരത്തെ ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴും രാമക്ഷേത്ര നിര്‍മാണത്തിലും ബിജെപിയെ പിന്തുണച്ചിരുന്നു.