
കര്‍ണാടക സ്വകാര്യ സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്ത്തനമെന്നാരോപിച്ച് തീവ്രവലതുപക്ഷ അനുഭാവികള്‍ രംഗത്ത് . മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈ സ്കൂളിലെ ക്രിസ്തുമസ് ആഘോഷമാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ മറവില്‍ കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് മതപരിവര്‍ത്തനമാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. 23 ഡിസംബറിന് നടന്ന ആഘോഷപരിപാടിയിലേക്ക് 30 മുതല്‍ 40 പേരടങ്ങുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരാണ് സംഘടിച്ചെത്തിയത്.
കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളില്‍ കുട്ടികളെ ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷമണിയിച്ചതിന്റെ പിന്നിലും ഗൂഡലക്ഷ്യമുണ്ടെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നു .സ്കൂളിലേക്കെത്തിയ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ജീവനക്കാരുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
നിങ്ങള്‍ കുട്ടികളെ മതം മാറ്റുകയാണോ? സ്കൂളില്‍ പഠിക്കുന്ന ഹിന്ദു വിദ്യാര്‍ത്ഥികളുടെ എണ്ണമെന്ത്രയാണ് എന്നെല്ലാം തിരക്കി സ്കൂള്‍ ജീവനക്കാരോടെ ആക്രോശിക്കുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട് . വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതത്തിന്റെ പേരിലുള്ള വ്യത്യാസം കാണാറില്ലെന്ന അധ്യാപികമാരുടെ മറുപടിയില്‍ തൃപ്തരാവാതെ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയായിരുന്നു. കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ സമാനമായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മാണ്ഡ്യയിലെ സംഭവവും അരങ്ങേറുന്നത് .