ബംഗളൂരു: ഓണം അവധിയുടേയും മറ്റും യാത്രാതിരക്ക് പരിഗണിച്ച് നാട്ടിലെത്താനാഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമേകി കര്‍ണാടക ആര്.ടി.സി.ഇതിനകം ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കര്‍ണാടക 32 പ്രത്യേക ബസുകളാണ് പ്രഖ്യാപിച്ചത്. കൂടുതല്‍ ബസുകള്‍ വരും ദിനങ്ങളില്‍ പ്രഖ്യാപിക്കും. കൂടുതല്‍ പേര് നാട്ടിലേക്ക് മടങ്ങുന്ന 25ന് മാത്രം 22 ബസുകളുണ്ട്. കണ്ണൂര്‍, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കോട്ടയം, മൂന്നാര്‍, മൈസൂരു എന്നിവിടങ്ങളിലേക്കാണ് ആഗസ്റ്റ് 25നുള്ള ബസുകള്‍. 24ന് അഞ്ച് ബസുകളുമുണ്ട്. 23ന് മൈസൂരുവില്‍നിന്ന് എറണാകുളത്തേക്ക് ഒരു സ്പെഷ്യല്‍ ബസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് രാത്രി 9.28ന് മൈസൂരുവില്‍നിന്ന് പുറപ്പെടും.
ആഗസ്റ്റ് 26ന് നാല് പ്രത്യേക ബസുകളാണ് കേരളത്തിലേക്കുള്ളത്. ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കുള്ള ബസ് രാത്രി 9.13നും പാലക്കാട് ബസ് രാത്രി 9.47നും തൃശൂര്‍ ബസ് 9.45നും പുറപ്പെടും. 26ന് മൈസൂരുവില്‍നിന്ന് എറണാകുളത്തേക്കുള്ള ബസ് രാത്രി 9.28നും പുറപ്പെടും. ഈ സര്‍വിസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. തിരക്കിന് അനുസരിച്ച് 30 ശതമാനം അധികനിരക്കാണ് കര്‍ണാടക ആര്.ടി.സി ഈടാക്കുന്നത്. 23 മുതല്‍ 27 വരെയുള്ള പതിവ് സര്‍വിസുകളിലെ ടിക്കറ്റുകള്‍ ഇതിനകം തീര്‍ന്നിട്ടുണ്ട്.
ഇതോടെയാണ് പ്രത്യേക ബസുകള്‍ അനുവദിച്ചത്. കേരള ആര്.ടി.സി 25ന് 20 സ്പെഷല്‍ ബസുകളിലേക്കുള്ള ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍നിന്ന് ആലപ്പുഴയിലേക്ക് കര്‍ണാടക ആര്.ടി.സി രണ്ട് പ്രത്യേക ബസുകളും അനുവദിച്ചു. ആഗസ്റ്റ് 25ന് രാത്രി 8.14നും 8.30നും എ.സി മള്‍ട്ടി ആക്സില്‍ ബസ് ബംഗളൂരുവില്‍നിന്ന് പുറപ്പെടും. ശാന്തിനഗറില്‍നിന്ന് പുറപ്പെടുന്ന ഈ ബസുകള്‍ തൃശൂര്‍, എറണാകുളം വഴി രാവിലെ ഏഴിന് ആലപ്പുഴയിലെത്തും. ആലപ്പുഴയിലേക്കുള്ള പ്രതിദിന സര്‍വിസിനു പുറമെയാണിത്. ആലപ്പുഴയിലേക്ക് പ്രത്യേക ബസുകള്‍ വേണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി കര്‍ണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ബസുകള്‍ അനുവദിച്ചത്. ബംഗളൂരുവില്‍നിന്ന് ആലപ്പുഴയിലേക്ക് കേരള ആര്.ടി.സി പ്രത്യേക ബസുകള്‍ അനുവദിക്കാത്ത സാഹചര്യത്തിലാണിത്.
ഓണക്കാലമായി; അതിർത്തികളിൽ പരിശോധന കർശനമാക്കി എക്സൈസ്
കാസർഗോഡ് : ഓണക്കാലമായതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി മദ്യം മയക്കുമരുന്നുകൾ, പുകയില ഉത്പന്നങ്ങൾ അടക്കമുള്ള ലഹരിവസ്തുക്കൾ കടത്തി കൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ അതിർത്തികളിൽ എക്സൈസ് പരിശോധന കർശനമാക്കി. കർണാടക അതിർത്തിയായ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി ചെക്ക് പോസ്റ്റുകളിലും ചെക്ക് പോസ്റ്റുകളില്ലാത്ത അതിർത്തി പ്രദേശങ്ങളിലും എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.തമിഴ്നാട് അതിർത്തിയിലും എക്സൈസ് പരിശോധന നടത്തുന്നുണ്ട്. വയനാടിന് പുറമെ കാസർകോട്, ഇടുക്കി, പാലക്കാട്, തൃശ്ശൂർ ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് അനധികൃതമായി മദ്യക്കടത്ത് വ്യാപകമാകാറുണ്ട്. ഇത് കണക്കിലെടുത്താണ് പരിശോധന.