ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കുള്ള സർവീസ് വിജയകരമായതോടെ അഞ്ചു നഗരങ്ങളിലേക്കു കൂടി വൈദ്യുത ബസ് സർവീസ് നടത്താൻ കർണാടക ആർ.ടി.സി. വിരാജ്‌പേട്ട, മടിക്കേരി, ചിക്കമഗളൂരു, ശിവമോഗ, ദാവണഗെരെ എന്നിവിടങ്ങളിലേക്ക് വരും ദിവസങ്ങളിൽ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.ഇതിനു മുന്നോടിയായി 25 വൈദ്യുത ബസുകൾ കർണാടക ആർ.ടി.സി. സ്വകാര്യ കമ്പനിയിൽനിന്ന് വാടകയ്ക്കെടുത്തു.
തിങ്കളാഴ്ച വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ‘ഇ.വി. പവർ പ്ലസ്’ എന്ന പേരിലാണ് ഈ ബസുകൾ അറിയപ്പെടുക.നിലവിൽ ബെംഗളൂരു- മൈസൂരു റൂട്ടിൽ സർവീസ് നടത്തുന്ന വൈദ്യുതബസുകൾ ലാഭകരമാണെന്നാണ് കർണാടക ആർ.ടി.സി.യുടെ കണക്ക്.ഒട്ടേറെ ആധുനികസൗകര്യങ്ങളും മികച്ച യാത്രാസുഖവുമുള്ളതിനാൽ വൈദ്യുത ബസിൽമാത്രം യാത്രചെയ്യുന്നവരുണ്ട്.
മറ്റ് എ.സി. ബസുകളേക്കാൾ ഇവയുടെ ടിക്കറ്റ് നിരക്കും കുറവാണ്. നിലവിൽ ബെംഗളൂരു മുതൽ മൈസൂരു വരെ 300 രൂപയാണ് ടിക്കറ്റ് നിരക്കീടാക്കുന്നത്.ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ബസുകൾക്ക് കഴിയും. പുതുതായി സർവീസ് തുടങ്ങുന്ന നഗരങ്ങളിലേക്ക് ബെംഗളൂരുവിൽനിന്ന് 240 മുതൽ 270 കിലോമീറ്റർ വരെയാണ് പരമാവധി ദൂരം. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും പുതുതായി സർവീസ് തുടങ്ങുന്ന നഗരങ്ങളിലും ബസുകൾ ചാർജ് ചെയ്യാൻ പ്രത്യേക സംവിധാനവുമൊരുക്കിയിട്ടുണ്ട്.
വിവിധറൂട്ടുകളിൽ ഘട്ടംഘട്ടമായി 350 വൈദ്യുതബസുകൾ ഇറക്കാനാണ് കർണാടക ആർ.ടി.സി.യുടെ പദ്ധതി. വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വൈദ്യുത ബസ് സർവീസും അധികൃതർ പരിഗണിച്ചുവരികയാണ്. കേന്ദ്രത്തിന്റെ സബ്‌സിഡിയും ഇത്തരം ബസുകൾക്ക് ലഭിക്കും.
സൗകര്യങ്ങളിൽ മുന്നിൽ:മികച്ച സൗകര്യങ്ങളാണ് കർണാടക ആർ.ടി.സി.യുടെ വൈദ്യുതബസ്സുകളിലുള്ളത്. യാത്രക്കാരുടെ സുരക്ഷയുറപ്പുവരുത്താൻ നിരീക്ഷണ ക്യാമറകൾ, പാനിക് ബട്ടൻ, ഉന്നത ഗുണനിലവാരമുള്ള പുഷ്ബാക്ക് സീറ്റുകൾ, ടി.വി., വൈ-ഫൈ, മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യം എന്നിവ വൈദ്യുത ബസ്സുകളിലുണ്ട്. 12 മീറ്റർ നീളമുള്ള ഈ ബസ്സുകളിൽ 44 സീറ്റുകളാണുള്ളത്. ഫാസ്റ്റ് ചാർജിങ് സംവിധാനമുപയോഗിച്ച് പരമാവധി മൂന്നുമണിക്കൂറിനുള്ളിൽ പൂർണമായും ചാർജുചെയ്യാനും കഴിയും.
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരും. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മധ്യ തെക്കന്‍ കേരളത്തില്‍ മലയോര മേഖലയിലാണ് പ്രധാനമായി മഴ മുന്നറിയിപ്പ് നല്‍കിയത്. ഇടിമിന്നല്‍ അപകടകാരിയായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജാഗ്രത നിര്‍ദ്ദേശങ്ങള്‍:ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.കുട്ടികള്‍ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.