പത്തനംതിട്ട: അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബംഗളൂരുവില്‍ നിന്നു പത്തനംതിട്ടയിലേക്ക് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങും.കര്‍ണാടക ആര്‍ടിസിയുടെ അംബാരി ഉത്സവ് ലക്ഷ്വറി ബസാണ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലേക്ക് പുതുതായി മൂന്ന് സര്‍വീസുകളാണ് കര്‍ണാടക ആരംഭിക്കുന്നത്.പത്തനംതിട്ടയിലേക്കുള്ള സര്‍വീസ് മലയോര പാത വഴി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.അന്തര്‍ സംസ്ഥാന ബസുകളെല്ലാം ദേശീയപാതകളിലൂടെയും എംസി റോഡുവഴിയുമാണ് ഓടുന്നത്.
എന്നാല്‍ സമീപകാലത്ത് മലയോര പാതയിലൂടെ കെഎസ്‌ആര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു, മംഗലാപുരം ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകളും ഓടുന്നുണ്ട്.പത്തനംതിട്ടയില്‍ നിന്നു റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, മൂവാറ്റുപുഴ വഴി സര്‍വീസ് വേണമെന്നാണാവശ്യം. നിരവധി യാത്രക്കാരാണ് ഈ ഭാഗങ്ങളില്‍ നിന്നു കര്‍ണാടകയിലേക്ക് പോകാനുള്ളത്.റെയില്‍വേ യാത്രാ സൗകര്യം പോലുമില്ലാത്ത ഭാഗങ്ങളാണിത്. ജോലിക്കാര്‍, ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊക്കെ മലയോരപാതയിലൂടെയുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ഏറെ പ്രയോജനപ്പെടും.
കൊടുംചൂടിലേക്ക് കേരളം
തിരുവനന്തപുരം :സംസ്‌ഥാനത്ത് അന്തരീക്ഷ ഊഷ്‌മാവ് ക്രമാതീതമായി ഉയരുന്നു. ഉഷ്‌ണകാലത്തിലേക്ക് കടന്നുവെങ്കിലും ദക്ഷിണ കേരളത്തിലടക്കം പുലര്‍ച്ചെ തണുപ്പും കനത്ത മഞ്ഞും തുടരുന്നത് ആശങ്ക പടര്‍ത്തുന്നുണ്ട്.തലസ്‌ഥാന ജില്ലയിലടക്കം കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പുലര്‍ച്ചെ വലിയ തണുപ്പും പകല്‍ സമയത്തു കനത്ത ചൂടുമാണ് അനുഭവപ്പെടുന്നത്. സൂര്യാഘാതവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ചികിത്സിക്കണമെന്നു സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ ശരീരത്തില്‍ നേരിട്ട് കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്ബോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്നമദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്‌റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്‌ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്ബോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.തീപിടിത്ത സാധ്യതയുള്ള മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യുക. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്‌ഥാപനങ്ങള്‍ നടത്തുന്നവരും ജാഗ്രത പാലിക്കണം.വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കുക. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.വിദ്യാര്‍ഥികള്‍ക്ക് കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് ചൂട് ഏല്‍ക്കുന്നിെല്ലന്ന് ഉറപ്പ് വരുത്തണം.അംഗന്‍വാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കണം.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റു രോഗങ്ങള്‍ മൂലവും അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കണം.ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് സ്‌ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.യാത്ര ചെയ്യുന്നവര്‍ വെള്ളം കൈയില്‍ കരുതുക.നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക.ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.