ഹിന്ദു വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കര്‍ണാടക മന്ത്രിസഭ അനുമതി. ഇതോടെ വിവാഹങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്ന് വിധാൻ സൗധയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിനുശേഷം നിയമമന്ത്രി എച്ച്.കെ.പാട്ടീല്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ച് വിവാഹ രജിസ്‌ട്രേഷന്‍ ലളിതമാക്കാനാണിതെന്ന് മന്ത്രി പറഞ്ഞു.കഴിഞ്ഞ ബജറ്റില്‍ മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചിരുന്നു. കാവേരി-2 സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്ട്രേഷന്‍ അനുവദിക്കുന്നതാണ് പദ്ധതി. ബാപ്പുജി സെന്ററുകള്‍ക്കും ഗ്രാമ വണ്‍ സെന്ററുകള്‍ക്കും വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ സ്വീകരിക്കാന്‍ അനുമതിയുണ്ടെന്ന് പാട്ടീല്‍ പറഞ്ഞു.ആധാര്‍ ആധികാരികത ഉപയോഗിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
അതേസമയം, ആധാര്‍ ആധികാരികത നല്‍കാന്‍ തയാറാകാത്ത ആളുകള്‍ക്ക് ഓഫ്ലൈന്‍ രജിസ്‌ട്രേഷനും തുടരും. അതേസമയം രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് പുതിയ നിയമം ബാധകമല്ല. സ്‌പെഷല്‍ മാര്യേജ് ആക്‌ട്, 1954 പ്രകാരം രജിസ്‌ട്രേഷന്‍ തീയതിക്ക് ഒരു മാസത്തെ മുന്‍കൂര്‍ നോട്ടീസ് ദമ്ബതികള്‍ നല്‍കണമെന്നും സബ് രജിസ്ട്രാര്‍ക്ക് മുന്നില്‍ വധൂവരന്മാരുടെ സാന്നിധ്യം നിര്‍ബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍, സ്റ്റാമ്ബ് കമീഷണര്‍ എന്നിവര്‍ക്ക് വിവാഹ രജിസ്ട്രേഷനുകള്‍ക്കു വേണ്ടി ആധാര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അപേക്ഷകള്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ മാത്രം സമര്‍പ്പിക്കുന്ന നിലവിലെ സമ്ബ്രദായത്തില്‍നിന്ന് വ്യത്യസ്തമായി, ബാപ്പുജി, ഗ്രാമ വണ്‍ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാനും ദമ്ബതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്ത് ആകെ 30 ശതമാനം വിവാഹങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്നാണ് കണക്ക്.