ബെംഗളൂരു: കൊടും ചൂടിൽ വലയുന്ന വടക്കൻ കർണാടകത്തിലെ കലബുറഗി ജില്ലയിൽ ഞായറാഴ്ച 43.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ബെംഗളൂരുവിൽ 37.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ എട്ടു വർഷത്തിനിടെ ബെംഗളൂരുവിലനുഭവപ്പെട്ട കൂടിയ ചൂടാണിത്. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ മിക്ക ആശുപത്രികളിലും സൺസ്‌ട്രോക്ക് വാർഡുകൾ തുറന്നു. സാധാരണ ഏപ്രിലിൽ ബെംഗളൂരുവിൽ അനുഭവപ്പെടുന്ന താപനിലയേക്കാൾ കുറഞ്ഞത് മൂന്നു ഡിഗ്രി സെൽഷ്യസെങ്കിലും കൂടുതലാണ് ഈ വർഷം.
റായ്ച്ചൂരുവിൽ 41.8 ഡിഗ്രി സെൽഷ്യസും ബാഗൽകോട്ടിൽ 41.5 ഡിഗ്രി സെൽഷ്യസും കൊപ്പാളിൽ 41.3 ഡിഗ്രി സെൽഷ്യസും വിജയപുരയിൽ 41 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച രേഖപ്പെടുത്തി. വരുംദിവസങ്ങളിലും വരണ്ടകാലാവസ്ഥയാണ് കലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. ബെലഗാവി, ബീദർ, വിജയപുര, ബാഗൽകോട്ട്, ഗദഗ്, കലബുറഗി, ഹാവേരി, ധാർവാഡ്, കൊപ്പാൾ, റായ്ച്ചൂരു, ബല്ലാരി, ചിത്രദുർഗ, ദാവണഗെരെ, വിജയനഗര ജില്ലകളിൽ അടുത്ത 24 മണിക്കൂറിനിടെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. അടുത്ത രണ്ടു ദിവസത്തിനിടെ പല ജില്ലകളിലും 2 ഡിഗ്രി മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിൽ അടുത്ത 24 മണിക്കൂറിനിടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച ദക്ഷിണ കന്നഡ. ഉഡുപ്പി, ബീദർ, കലബുറഗി, റായ്ച്ചൂരു, യാദ്ഗിർ, ചാമരാജ്‌നഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിൽ നേരിയ മഴ പെയ്യുമെന്നും പ്രവചിക്കുന്നു.
ഗേയിം കളിക്കുന്നതിനിടെ വന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്തു; നഷ്ടമായത് അമ്മയുടെ അക്കൗണ്ടിലെ രണ്ട് ലക്ഷം, 18കാരൻ ജീവനൊടുക്കി
മുംബൈ: അമ്മയുടെ ഫോണില്‍ ഓണ്‍ലൈൻ ഗെയിം കളിക്കുന്നതിനിടെ സൈബർ തട്ടിപ്പിനിരയായി രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട 18കാരൻ ജീവനൊടുക്കി.മുംബൈയിലെ നാലസൊപാരയിലാണ് സംഭവം. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ വിദ്യാർഥി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണില്‍ വന്നതോടെ ശാസന ഭയന്ന് വിദ്യാർഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു.പുറത്തുപോയ അമ്മ അകത്തുവന്നപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന് കിടക്കുന്ന വിദ്യാർഥിയെയാണ് കണ്ടത്. ഉടൻ തന്നെ അയല്‍ക്കാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പണം നഷ്ടപ്പെട്ടതിനേക്കുറിച്ച് വിദ്യാർഥിയുടെ മരണശേഷവും വീട്ടുകാർ അറിഞ്ഞിരുന്നില്ല. ആത്മഹത്യയാണ് എന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം അരംഭിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പുകള്‍ തിരഞ്ഞെങ്കിലും ലഭിക്കാത്തതിനെത്തുടർന്ന് ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. സൈബർസെല്ലില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍ നഷ്ടപ്പെട്ട തുക തിരിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സമാനമായ അനേകം കേസുകള്‍ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുകയും പല കേസുകളിലും മുഴുവൻ തുകയും തന്നെ തിരിച്ചുപിടിക്കാനും സാധിച്ചിരുന്നു. വിദ്യാർഥി ഭയന്നതാണ് പ്രശ്‌നമായതെന്നും പൊലീസ് പറഞ്ഞു.