ബെംഗളൂരു: കർണാടക ബിജെപിയിൽ നേതൃമാറ്റമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലേക്കു പാർട്ടിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നയിക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ബെംഗളൂരു സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് നേതൃമാറ്റ അഭ്യൂഹങ്ങൾ പടർന്നത്. കർണാടകയുടെ ചു മതലയുള്ള ബിജെപി ദേശീയ
ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് അഭ്യൂഹങ്ങൾ തള്ളി ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടിലും ഇതു ശരിവച്ചു.
സാധാരണക്കാരുടെ മുഖ്യമന്ത്രിയാണ് ബൊമ്മയെന്നും അദ്ദേഹം വീണ്ടും അധികാര ത്തിലേറാനാണ് ജനം ആഗ്രഹിക്കുന്നതെന്നും അരുൺ സിങ് പറഞ്ഞു. അതേസമയം 10ന് മുൻപ് സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്ന നിലപാടിൽ ബിജെപി എംഎൽഎ ബസവഗൗഡ പാട്ടിൽ യത്നൽ ഉറച്ചു നിൽക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. കൂട്ടായ നേതൃത്വമായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരാൾക്കു കിഴിൽ ജനവിധി തേടാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും യത്നൽ വ്യക്തമാക്കി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും കഴിഞ്ഞ ദിവസം നേതൃമാറ്റത്തെ കുറിച്ച് സൂചന നൽകിയിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ് ഇതു തള്ളുകയാരുന്നു.