Home Featured ക്രമക്കേടുകളില്‍ മുങ്ങി ബി.ജെ.പി സര്‍ക്കാര്‍

ക്രമക്കേടുകളില്‍ മുങ്ങി ബി.ജെ.പി സര്‍ക്കാര്‍

by കൊസ്‌തേപ്പ്

ബംഗളൂരു: അഴിമതിയില്‍ മുങ്ങിക്കുളിച്ച നിലയിലാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. ഒന്നിനു പിറകെ ഒന്നായി അഴിമതി ആരോപണങ്ങളാണ് സര്‍ക്കാറിനെതിരെ ഉയര്‍ന്നുവരുന്നത്. വോട്ടര്‍മാരുടെ ഡേറ്റ സ്വകാര്യ ഏജന്‍സി ചോര്‍ത്തിയ സംഭവത്തില്‍ വന്‍ പ്രതിരോധത്തിലാണ് സര്‍ക്കാര്‍.

തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ പ്രതിപക്ഷത്തിന്‍റെ ആരോപണം മാത്രമാണ് എന്ന നിലയില്‍നിന്ന് കാര്യങ്ങള്‍ മാറി. സമ്മതിദായകരുടെ ഡേറ്റ സ്വകാര്യ സ്ഥാപനം ചോര്‍ത്തിയ സംഭവത്തില്‍ കര്‍ണാടക അഴിമതിയുടെ തലസ്ഥാനമായി മാറിയെന്നും ക്രമക്കേടില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കാണ് ഉത്തരവാദിത്തമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

നിയമസഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കേയാണ് ഡേറ്റ ചോര്‍ത്തിയതെന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ‘ഷിലുമെ എജുക്കേഷനല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ട്രസ്റ്റ്’ ശേഖരിച്ച വിവരങ്ങള്‍ സര്‍ക്കാറിന്‍റെ ഗരുഡ ആപ്പില്‍ സൂക്ഷിക്കാതെ സ്വകാര്യ ആപ്പിലാണ് ശേഖരിച്ചിരിക്കുന്നത്.

ഏറെ കാലമായി താമസമില്ലാത്ത 18,000 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇതിനകം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നതും ബി.ജെ.പിയെ പിന്തുണക്കാത്ത പട്ടികജാതി-വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താക്കിയെന്നുമുള്ള ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളെ സഹായിക്കാനായി സമ്മതിദായകരുടെ ഡേറ്റ ചോര്‍ത്തിനല്‍കാനുള്ള സാധ്യതയും മുന്നിലുണ്ട്. എസ്.ഐ നിയമന പരീക്ഷയിലെ ക്രമക്കേടാണ് ഈയടുത്ത് അന്വേഷണത്തില്‍ തെളിഞ്ഞ സംസ്ഥാനത്തെ പ്രധാന അഴിമതി സംഭവങ്ങളില്‍ മറ്റൊന്ന്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളിലെ ആളുകള്‍ ഉള്‍പ്പെട്ട വന്‍ അഴിമതിയാണ് എസ്.ഐ നിയമന പരീക്ഷയില്‍ നടന്നതെന്നാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) അന്വേഷണത്തില്‍ തെളിഞ്ഞത്. ഈയടുത്ത് സി.ഐ.ഡി കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. പൊലീസ് മുന്‍ എ.ഡി.ജി.പി അമൃത് പോള്‍തന്നെ അറസ്റ്റിലായി. പൊലീസ് റിക്രൂട്ട്മെന്‍റ് സെല്‍ മുന്‍ തലവനായ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇയാള്‍. 545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബര്‍ മൂന്നിനായിരുന്നു പരീക്ഷ നടന്നത്. ആകെ 54,287 പേരാണ് എഴുതിയത്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാര്‍ഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നല്‍കിയത്. ഈ വര്‍ഷം ഏപ്രിലിലാണ് കേസ് അന്വേഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സി.ഐ.ഡിയോട് ആവശ്യപ്പെടുന്നത്. പരീക്ഷഫലം ഏപ്രില്‍ 29ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പ്രധാന രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള മറ്റുള്ളവരടക്കം ഒന്നാകെ പങ്കാളികളായ വന്‍ ക്രമക്കേടാണ് നടന്നതെന്നാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ തെളിയിക്കുന്നത്.

ബി.ജെ.പി സര്‍ക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. സര്‍ക്കാറിന്റെ എല്ലാ പ്രവൃത്തികളും ഏറ്റെടുത്ത് നടത്തണമെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും 40 ശതമാനം കമീഷന്‍ നല്‍കണമെന്ന് അടുത്തിടെ കരാറുകാരുടെ സംഘടന ആരോപിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച്‌ കോണ്‍ഗ്രസ് നടത്തിയ ‘പേ സി.എം’ കാമ്ബയിന്‍ ബി.ജെ.പിക്ക് ഏറെ തലവേദന ഉണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി ബൊമ്മൈയുടെ ചിത്രമുള്ള പേ സി.എം പോസ്റ്ററും പുറത്തിറക്കിയിരുന്നു.

’40 ശതമാനം ഇവിടെ സ്വീകരിക്കും’ എന്നെഴുതിയ പോസ്റ്ററുകളിലെ ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. പൊതുജനങ്ങള്‍ക്ക് സര്‍ക്കാറിന്റെ അഴിമതിക്കെതിരെ പരാതി നല്‍കാനായി ഈയടുത്ത് കോണ്‍ഗ്രസ് തുടങ്ങിയ വെബ്സൈറ്റാണിത്.

ഇതിന്‍റെ പിന്നാലെ ‘സേ സി.എം’എന്ന കാമ്ബയിനും കോണ്‍ഗ്രസ് നടത്തിയിരുന്നു. തങ്ങള്‍ പേ സി.എം കാമ്ബയിനിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് ഇതിലൂടെ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ കര്‍ണാടകയിലെ പര്യടനത്തില്‍ സര്‍ക്കാറിന്‍റെ അഴിമതി ഭരണത്തിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. യാത്രക്ക് ഗംഭീരമായ സ്വീകരണമാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍, അഴിമതി നടന്നിട്ടും കൃത്യമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന ആരോപണവുമുണ്ട്.

രാഹുല്‍ ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്ന് ഭീഷണി; കത്ത് എത്തിയത് പലഹാരക്കടയില്‍

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിനും വധഭീഷണി. ഭാരത് ജോഡോ യാത്ര ഇന്‍ഡോറില്‍ പ്രവേശിച്ചാല്‍‌ ഇരുവരെയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.ഇന്‍ഡോറിലെ ഒരു പലഹാരക്കടയിലണ് കത്ത് എത്തിയത്.

പിതാവ് രാജീവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുല്‍ ഗാന്ധിയ്ക്കും കാത്തിരിക്കുന്നതെന്ന് കത്തില്‍ പറയുന്നു. 1984ലെ സിഖ് കലാപവും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തപാല്‍മാര്‍ഗം എത്തിയ വധഭീഷണിക്കത്ത് പലഹാരക്കടയുടം പൊലീസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ നേരിട്ട് കണ്ട് ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര വകുപ്പ് വിഷയം ഗൗരവത്തോടെ എടുക്കണമെന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന മാധ്യമവിഭാഗം മേധാവി കെ.കെ മിശ്ര ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group