ബെംഗളൂരു: എ ഐ സി സി അധ്യക്ഷനായി മല്ലികാർജ്ജുന്‍ ഖാർഗെ ഇന്ന് ചുമതലയേല്‍ക്കും. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വവും അനുയായികളും. എ ഐ സി സി ആസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ പരിപാടികള്‍ നടത്തും.
തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതെങ്കിലും നിരവധി വെല്ലുവിളികളാണ് ഈ മുതിർന്ന നേതാവിന് മുന്നിലുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എന്ന് പറയുന്നത് ഖാർഗെയുള്ള സ്വന്തം സംസ്ഥാനമായ കർണാടകയിലെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ വിജയമാണ്.
വിവിധ വിഭാഗങ്ങൾക്കിടയിലും നേതാക്കള്‍ക്കിടയിലും രൂക്ഷമായ ഭിന്നതകൾ പരിഹരിച്ച് സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കി ഖർഗെയ്ക്ക് കർണാടകയില്‍ തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ട്. കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ എന്നിവർക്കിടയിലുള്ള ഗ്രൂപ്പ് പോരും ഇപ്പോഴും ശക്തമായി തുടരുന്നതാണ് കർണ്ണാടകയില്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി.
ഈ സാഹചര്യത്തില്‍ പ്രത്യേകിച്ച് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമ്പോൾ, ഖർഗെയ്ക്ക് മികച്ച ബാലൻസിങ് ആക്‌റ്റ് ചെയ്യേണ്ടിവരും. ആഭ്യന്തര തർക്കങ്ങള്‍ രൂക്ഷമായാല്‍ അത് സംസ്ഥാനത്തെ പാർട്ടിയുടെ പ്രകടനത്തെ മോശമായി ബാധിക്കുമെന്ന കാര്യത്തില്‍ തർക്കമില്ല. ടിക്കറ്റ് വിതരണത്തിലെ അന്തിമ തീരുമാനം എ ഐ സി സി അധ്യക്ഷന്റേതാവുമെന്ന് കെ പി സി സി അധ്യക്ഷനും വ്യക്തമാക്കി കഴിഞ്ഞു.
കർണാടകയിലെ സ്ഥാനാർത്ഥികളുടെ വിജയസാധ്യത വിലയിരുത്തി സമയാസമയങ്ങളിൽ റിപ്പോർട്ടുകൾ അയക്കാന്‍ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിനെ പാർട്ടി ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ടിക്കറ്റ് വിതരണം പൂർണ്ണമായും സംസ്ഥാന നേതാക്കളുടെ താല്‍പര്യത്തിനനുസരിച്ച് മാത്രമായിരിക്കില്ല.
എന്നാൽ അന്തിമ പട്ടികയിൽ മുതിർന്ന് നേതാക്കളുടെ അനുയായികൾക്ക് ഇടം ലഭിക്കാതെ വന്നാല്‍ അത് വലിയ രീതിയിലുള്ള വിമത നീക്കങ്ങള്‍ക്ക് ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബി ജെ പിക്കും ജെ ഡി എസിനും ഗുണം ചെയ്‌തേക്കാവുന്ന ഈ സാഹചര്യത്തെ ഖാർഗെ എങ്ങനെ നേരിടുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ഒന്നിലധികം സ്ഥാനാർത്ഥിമോഹികളാണ് ഉള്ളത്. അവസരം നഷ്‌ടമാവുന്ന എല്ലാവരും ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിക്കുന്നത് തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിക്കും. ഇത്തരമൊരു സാധ്യതയെക്കുറിച്ച് കനുഗോലു ഇതിനകം തന്നെ ഹൈക്കമാന്‍ഡ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് സ്വന്തം വിശ്വസ്തരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്, അതേസമയം അതേ മണ്ഡലങ്ങളിൽ നിന്ന് ടിക്കറ്റിനായി ശിവകുമാറിന്റെ സഹപ്രവർത്തകരും താല്‍പര്യപ്പെടുന്നുണ്ട്. കെ.എച്ച്.മുനിയപ്പ, മൊട്ടമ്മ, എസ്.ആർ.പാട്ടീൽ എന്നിവരുൾപ്പെടെയുവരുടെ താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം ഈ നിർണായക ഘട്ടത്തിൽ മറ്റ് പാർട്ടികളിൽ നിന്ന് ചേരുന്നവരുടെ താൽപ്പര്യങ്ങളും ഖാർഗെ സംരക്ഷിക്കേണ്ടതുണ്ട്.
കല്യാണ-കർണാടക, മുംബൈ-കർണാടക മേഖലകളിൽ ജാതി കൂട്ടുകെട്ട് പ്രവർത്തിക്കണമെങ്കിൽ വീരശൈവ ലിംഗായത്ത് നേതാക്കളെയും സിദ്ധരാമയ്യയെയും ഖാർഗെ വിശ്വാസത്തിലെടുക്കണമെന്നും വിലയിരുത്തപ്പെടുന്നു. 2013-ൽ 12 സീറ്റ് നേടിയ കോൺഗ്രസ് 2018-ൽ ഒരു സീറ്റിലേക്ക് മാത്രം പിന്തള്ളപ്പെട്ടതിനാൽ ഏറ്റവും വെല്ലുവിളി നിറഞ്ഞത് സാമുദായിക സെൻസിറ്റീവ് തീരപ്രദേശങ്ങളായിരിക്കും.
പിന്നാക്കക്കാരനായ ബില്ലവാസിന് കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടതാണ് തീരമേഖലകളിലെ പരാജയത്തിന് കാരണം. അവരുടെ വിശ്വാസം വീണ്ടെടുക്കാൻ ഖാർഗെ തന്റെ രാഷ്ട്രീയ ചാതുര്യം കാണിക്കണം,” മുതിർന്ന നേതാവ് ജനാർദൻ പൂജാരിയുടെ ഉറച്ച അനുയായിയായ ഒരു നേതാവ് പറഞ്ഞു. എന്ത് തന്നെയായാലും 2013 ലെ വിജയം കോണ്‍ഗ്രസ് ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.