ബംഗളൂരു: പശുക്കളുടെ സംരക്ഷണത്തിനായി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ ‘പുണ്യകോടി ദത്ത് യോജന’ പദ്ധതി പരാജയം.സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക ഗോശാല നടത്തിപ്പുകാര്‍ക്ക് നല്‍കാത്തതാണ് കാരണം. കഴിഞ്ഞ ജൂലൈയില്‍ തുടങ്ങിയ പദ്ധതി വഴി ഗോശാലകളിലെ പശുക്കളെ പൊതുജനങ്ങള്‍ക്ക് ദത്തെടുക്കാം. ഒരു പശുവിന് ഒരു വര്‍ഷത്തേക്ക് 11,000 രൂപയാണ് നല്‍കേണ്ടത്.
എന്നാല്‍ സര്‍ക്കാര്‍ സഹായം ഇല്ലാതായതിനാലും മറ്റ് സാമ്ബത്തിക മെച്ചമില്ലാത്തതിനാലും ദത്തെടുക്കാന്‍ പൊതുജനങ്ങള്‍ തയാറാകുന്നില്ല.കര്‍ണാടകയില്‍ 178 ഗോശാലകളിലായി ആകെ 23,155 പശുക്കളാണ് ഉള്ളത്. എന്നാല്‍ ഇതുവരെയായി ആകെ 200 എണ്ണത്തിനെ മാത്രമേ ദത്തെടുത്തിട്ടുള്ളൂ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദത്തെടുത്ത 11 എണ്ണവും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെടുത്ത 31 എണ്ണവുമടക്കമാണിത്.
മറ്റുള്ള ബി.ജെ.പി എം.എല്‍.എമാര്‍ പോലും പശുക്കളെ ദത്തെടുക്കാന്‍ തയാറായിട്ടില്ല.രണ്ടായിരം പേരില്‍ നിന്ന് സംഭാവനയായി 21.5 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തേ സമാഹരിച്ചിട്ടുണ്ട്.ഗോശാലകളിലെ മിക്കവയും പ്രായം ചെന്നവയും പാല്‍ ഉല്‍പാദിപ്പിക്കാത്തവയും രോഗമുള്ളവയുമാണ്. ഒരു ഗോശാലക്ക് പശു ഒന്നിന് വൈക്കോല്‍, മരുന്ന്, തൊഴിലാളികളുടെ കൂലി തുടങ്ങിയവക്കായി ദിവസം 300 രൂപയാണ് ചെലവ്.
എന്നാല്‍ സര്‍ക്കാര്‍ ആകെ 17.5 രൂപ മാത്രമാണ് നല്‍കുന്നത്. അസുഖം ബാധിച്ച് ചാകുന്നവയെ മാന്യമായി സംസ്കരിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. കോര്‍പറേഷന്‍ അധികൃതര്‍ ഇവയുടെ ജഡം ഒഴിവാക്കാനായി 10,000 രൂപ ഈടാക്കുകയും ചെയ്യുന്നു. ദത്തെടുക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരുന്നില്ലെന്ന് ഗോശാല അധികൃതര്‍ തന്നെ പറയുന്നു.
പദ്ധതിക്കായി ആകെ 5240 കോടി രൂപയാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ 50 കോടി രൂപ മാത്രമാണ് അനുവദിച്ചത്. എന്നാല്‍ സ്വകാര്യ ഗോശാലകള്‍ക്ക് വൈക്കോലിനായി നാല് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ഫണ്ട് കിട്ടുന്ന മുറക്ക് വിതരണം ചെയ്യുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു.
അതേസമയം, പദ്ധതിയിലേക്ക് പണം സമാഹരിക്കാനായി നവംബര്‍ മാസത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു ദിവസത്തെ ശമ്ബളം സര്‍ക്കാര്‍ പിടിച്ചിട്ടുണ്ട്. ഇതുവഴി നൂറു കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.