ബംഗളൂരു മെട്രോ തമിഴ്‌നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂരുമായ ബന്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ കര്‍ണാടകയിലെ സംഘടനകള്‍ രംഗത്ത്. തമിഴ്‌നാട്ടില്‍നിന്ന് കൂടുതല്‍ കുടിയേറ്റക്കാര്‍ ബംഗളൂരുവിലേക്ക് എത്തുമെന്ന് ഭയന്നാണ് അവർ എതിർപ്പ് രേഖപ്പെടുത്തുന്നത്. കര്‍ണാടകയിലെ ബൊമ്മസാന്ദ്രയെ തമിഴ്‌നാട്ടിലെ ഹൊസൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യത റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുകയാണ് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ്. പദ്ധതി പൂര്‍ത്തിയായാല്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തര്‍സംസ്ഥാന മെട്രോയാകുമിത്. തമിഴ് നാട്ടിലെ 11 കിലോമീറ്ററും കര്‍ണാടകയിലെ 12 കിലോമീറ്ററും ഉള്‍പ്പെടെ 23 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ഇതിനുള്ളില്‍ 12 മെട്രോ സ്‌റ്റേഷനുകളും ഒരു ഡിപ്പോയും ഉള്‍പ്പെടും.നമ്മ മെട്രോയെ തമിഴ്‌നാടുമായി ബന്ധിപ്പിക്കേണ്ടതില്ല. ഇതിനോടകം തന്നെ തമിഴ്‌നാട്ടില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഇവിടെയെത്തി ജീവിതം കെട്ടിപ്പടുത്തു. അതിര്‍ത്തിപ്രദേശങ്ങളായ അത്തിബെലെ, ഇലക്ട്രോണിക് സിറ്റി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. മെട്രോയെ തമിഴ്‌നാടുമായി ബന്ധിപ്പിച്ചാല്‍ കൂടുതല്‍ ആളുകള്‍ കുടിയേറുന്നത് എളുപ്പമാകുകയും അത് കന്നഡക്കാരുടെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും.ഇക്കാര്യം മുഖ്യമന്ത്രിയോടും ഡികെ ശിവകുമാറിനോടും ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഈ വിഷയം ഞങ്ങള്‍ ഉടന്‍ പരിഗണിക്കും,’’ കന്നഡ അനുകൂല സംഘടനയായ കര്‍ണാടക സംരക്ഷണ വേദികെയുടെ പ്രസിഡന്റ് നാരായണ്‍ ഗൗഡ പറഞ്ഞു.തമിഴ്‌നാട് സാധ്യതാ പഠനം നടത്തിയതിന് ശേഷം പദ്ധതിയോട് കര്‍ണാടക വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ഹൊസൂരില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട നിക്ഷേപം നഷ്ടപ്പെടുന്നതിനാല്‍ പദ്ധതിയുടെ ചെലവ് പങ്കിടാനും കര്‍ണാടക ആഗ്രഹിക്കുന്നില്ല.ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ഒല തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഫാക്ടറി തുറന്നിരുന്നു. സമാനമായി മറ്റ് നിരവധി നിര്‍മാണ യൂണിറ്റുകള്‍ ബംഗളൂരുവിനേക്കാള്‍ തമിഴ്‌നാട്ടിലെ ഹൊസൂര്‍-കൃഷ്ണഗിരി മേഖലയാണ് തെരഞ്ഞെടുത്തത്.
കൂടുതല്‍ നിക്ഷേപം നേടാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള കര്‍ണാടകയുടെ താത്പര്യം സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും ബംഗളൂരുവിനെ ഹൊസൂരുമായി ബന്ധിപ്പിക്കാനും തമിഴ്‌നാടിനെ സഹായിക്കാനും കര്‍ണാടകയുടെ വിഭവങ്ങള്‍ ചെലവഴിക്കരുതെന്നും മറ്റ് കന്നഡ അനുകൂല സംഘടനകള്‍ വാദിക്കുന്നു.കര്‍ണാടകയിലെ കന്നഡക്കാരെ സംരക്ഷിക്കുകയാണ് പ്രാഥമിക ലക്ഷ്യം. കര്‍ണാടകയിലെ രാമനഗരിക്കും ബിഡാദിയ്ക്കും പകരമായി ഹൊസൂരിലേക്ക് മെട്രോ നീട്ടുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്ക് അറിയണം.
തങ്ങളുടെ ജനങ്ങളെയും സംസ്ഥാനത്തെയും കുറിച്ച് തമിഴ്‌നാടിന് വ്യക്തമായ ധാരണയുണ്ട്. അതുപോലെ കര്‍ണാടകയും നയങ്ങളും പരിപാടികളും മനസ്സിലാക്കണം. നിക്ഷേപം ഹൊസൂരിലേക്ക് മാറ്റുന്നത് ഞങ്ങള്‍ക്ക് അനുവദിക്കാനാകില്ല,’’ കന്നഡ അനുകൂല പ്രവര്‍ത്തകനായ സജിത്ത് പറഞ്ഞു.ബംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കുമെന്ന് കര്‍ണാടക അറിയിച്ചതിന് പിന്നാലെ ഹൊസൂരില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന് തമിഴ്‌നാട് പ്രഖ്യാപിച്ചിരുന്നു. ഹൊസൂരിലെ വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ഇലക്ട്രോണിക് സിറ്റി ഉള്‍പ്പെടെ തെക്കന്‍ ബംഗളൂരുവില്‍ നിന്നുള്ള യാത്രക്കാർ ഇവിടേക്ക് ആകര്‍ഷിക്കപ്പെടാൻ സാധ്യതയുണ്ട്.
വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ പാർട്ടിയായ ബിജെപി ആവശ്യപ്പെട്ടു. ബംഗളൂരുവിനുള്ളില്‍ മെട്രോ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗതാഗതക്കുരുക്ക് രൂക്ഷമായ ഔട്ടര്‍ റിംഗ് റോഡിന്റെ പ്രധാനപ്പെട്ട മേഖലകളിലേക്ക് ഇപ്പോഴും മെട്രോ എത്തിയിട്ടില്ലെന്നും ബിജെപി കര്‍ണാടക ജനറല്‍ സെക്രട്ടറി നന്ദിഷ റെഡ്ഡി പറഞ്ഞു