മംഗളൂരുകേരളത്തില്നിന്ന് രോഗവ്യാപനമുണ്ടാകുന്നുവെന്ന കര്‍ണാടകത്തിന്റെ വാദം പൊളിച്ച് കര്‍ണാടകത്തിന്റെ കോവിഡ് പരിശോധനാ റിപ്പോര്‍ട്ട്. മംഗളൂരു സെന്‍ട്രല്‍, ജങ്ഷന് റെയില്‍വേ സ്റ്റേഷനുകളില്‍ തിങ്കള്‍മുതല്‍ വ്യാഴാഴ്ചവരെ കേരളത്തില്‍നിന്നുള്ള 867 ട്രെയിന്‍ യാത്രികരെ കര്‍ണാടക പരിശോധിച്ചപ്പോള്‍, രോഗം സ്ഥിരീകരിച്ചത് നാലു പേര്‍ക്ക്. കര്‍ണാടകത്തിലേക്ക് കടക്കാന്‍ തലപ്പാടി അതിര്‍ത്തിയില്‍ എത്തിയ 970 പേരെ കേരളം പരിശോധിച്ചപ്പോള്‍ രോഗം എട്ടു പേര്‍ക്ക് മാത്രം.
കോവിഡ് മാനദണ്ഡം കാറ്റില്‍പ്പറത്തിയുള്ള ഒത്തുചേരലുകള്‍ കര്‍ണാടക അതിര്‍ത്തിമേഖലകളില്‍ വ്യാപകമാകുമ്ബോഴാണ് കേരളത്തില്‍നിന്നുള്ള ട്രെയിന്യാത്രക്കാരെ തടഞ്ഞ് പരിശോധിക്കുന്നത്.
മിക്കവരും 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുമായാണ് എത്തുന്നത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സമ്ബര്ക്കവിലക്കിലാക്കാന് പൊലീസ് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. സ്രവപരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍മാത്രം വിട്ടയക്കും. രോഗം ഇല്ലെങ്കിലും ഫലം വരുന്നതുവരെ പന്ത്രണ്ടുമണിക്കൂര്‍ ഇവിടെ കഴിയണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരിലെ പോസിറ്റിവിറ്റി നിരക്ക് കേവലം 0.6 ശതമാനം മാത്രം.