കൊല്ലം: ന്യായാധിപനെ കൊലപ്പെടുത്തുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം. മൈസൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയാണ് കൊല്ലം അഡീഷനല്‍ എസ്.പിയുടെ ലാന്‍ഡ് ഫോണില്‍ വിളിച്ചത്. കൊല്ലത്തെ ഒരു ന്യായാധിപനെ ഓഫിസ് തകര്‍ത്ത് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മൂന്നുപേരെ ഇല്ലാതാക്കും. അതിലൊന്ന് കൊല്ലത്തെ ന്യായാധിപനായിരിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേണത്തില്‍ മൈസൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊലപാതകക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദക്ഷിണ കര്‍ണാടക സ്വദേശി ജയേഷ് (38) ആണ് വിളിച്ചതെന്ന് സ്ഥിരീകരിച്ചു.
ശനിയാഴ്ച വൈകുന്നേരം .15ഓടെയാണ് അഡീഷനല്‍ എസ്.പിയുടെ ഓഫിസില്‍ വിളിയെത്തിയത്. ഒന്നിലധികം പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ജയില്‍ സൂപ്രണ്ടിന് നമ്ബര്‍ സഹിതം മുന്‍കൂട്ടി അപേക്ഷ നല്കിയാല് നിശ്ചിത ദിവസത്തിന് ശേഷം വിളിക്കാന്‍ അനുമതി നല്കുന്ന സംവിധാനം മൈസൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. ഇത് ഉപയോഗിച്ച് കൊല്ലത്തെ അഡീഷനല്‍ എസ്.പി ഓഫിസിലെ നമ്ബര്‍ മുന്‍കൂട്ടി നല്കി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ശനിയാഴ്ച വിളിച്ചത്. 2020 സെപ്റ്റംബറില്‍ ഇതേ രീതിയില്‍ ജയേഷ് കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫിസില്‍ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലത്തെ ന്യായാധിപന്മാരുടെ വസതികള്‍ക്കും കോടതികള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി.