കന്യാകുമാരിയിൽനിന്ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ ടിപ്പർലോറിയുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. കർണാടക സ്വദേശി രവി (50)യാണ് മരിച്ചത്. രവിക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുകാരനായ ഷിഡ്ജൽ ഗൗഡ, മമത (35), ലക്ഷ്മി(45), ലോകേഷ് (44) എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചികിത്സയിലുള്ള നാലുപേരും അബോധാവസ്ഥയിലാണ്.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടുകൂടി കളിയിക്കാവിള ചെറുവാരക്കോണം റോഡിൽ വന്യക്കോടിനു സമീപത്തുവെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറിലേക്ക് ചെറുവാരക്കോണം ഭാഗത്തുനിന്ന് കോഴിവിളയിലേക്കു പോവുകയായിരുന്ന ടിപ്പർ ലോറി ഇടിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.അപകടശബ്ദംകേട്ട് എത്തിയ പ്രദേശവാസികളും പാറശ്ശാല പോലീസും ചേർന്ന് കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തേക്കെടുത്ത് പാറശ്ശാല താലൂക്ക് ആശുപത്രയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് രവി മരിച്ചത്.