ഹസ്സന്‍ (കര്‍ണാടക): ഇന്‍ഫ്ലുവന്‍സ വൈറസിന്‍റെ ഉപവകഭേദമായ എച്ച് 3 എന്‍ 2 വൈറസ് രാജ്യത്ത് വ്യാപിക്കുന്നു. എച്ച് 3 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന ഇന്‍ഫ്ലുവന്‍സ ബാധിച്ച് രണ്ട് പേര്‍ മരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട് വന്നു. സാഹചര്യം പരിഗണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതല യോഗംചേര്‍ന്നു. ഒരാള്‍ ഹരിയാനയിലും മറ്റൊരാള്‍ കര്‍ണാടകയിലുമാണ് മരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) മുന്നറിയിപ്പ് പ്രകാരം മറ്റ് ഉപവകഭേദങ്ങളെ അപേക്ഷിച്ച് എച്ച് 3 എന്‍ 2 വൈറസ് അപകടകാരിയാണ്. ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശമുണ്ട്.
രാജ്യത്ത് ഇതിനോടകം 90 എച്ച് 3 എന്‍ 2 വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതിനൊപ്പം എട്ട് എച്ച്1 എന്‍1 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഹോങ്കോംഗ് ഫ്ലൂ’ എന്നും അറിയപ്പെടുന്ന എച്ച് 3 എന്‍ 2 വൈറസ് ആണ് നിലവില്‍ അണുബാധ ഉണ്ടാകുന്നത്. ഇന്ത്യയില്‍ ഇതുവരെ എച്ച് 3 എന്‍ 2, എച്ച് 1 എന്‍ 1 അണുബാധകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഇതാദ്യമായാണ് ഈ വൈറസ് ഭേദഗതി.പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, ശ്വാസംമുട്ടല്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും രോഗം ബാധിച്ചവരില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഒരാഴ്‌ചയോളം നീണ്ടുനില്‍ക്കുന്നുണ്ട്.
എച്ച്3എന്‍2 ബാധിച്ച് കര്‍ണാടകയില്‍ 85കാരന്‍ മരിച്ചു: എച്ച് 3എന്‍ 2 ബാധിച്ച് ഹസ്സന്‍ സ്വദേശിയായ 85 കാരന്‍ മരിച്ചു. എച്ച് 3 എന്‍ 2 ബാധിച്ച് കര്‍ണാടകയിലെ ആദ്യ മരണമാണിത്. മരണകാരണം എച്ച് 3 എന്‍ 2 ആണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കമ്മിഷണര്‍ ഡി രണ്‍ദീപ് വാര്‍ത്ത സ്ഥിരീകരിച്ചു. മാര്‍ച്ച് ഒന്നിനാണ് മരണം സംഭവിച്ചത്.സംസ്ഥാനത്ത് ഇതിനകം 50 ലധികം എച്ച് 3എന്‍ 2 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഹസ്സനിലാണ് ആദ്യ വ്യക്തി അണുബാധയ്ക്ക് കീഴടങ്ങിയതെന്ന് കമ്മിഷണര്‍ സ്ഥിരീകരിച്ചു.സാഹചര്യം കണക്കിലെടുത്ത് 60 വയസ്സിനു മുകളിലുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
ആരും സ്വമേധയാ ചികിത്സിക്കാന്‍ പാടില്ലെന്നും ഡോക്‌ടറുടെ സേവനം തേടണമെന്നും കമ്മിഷണര്‍ പറഞ്ഞു.മന്ത്രി കൂടിക്കാഴ്‌ച നടത്തി: ആരോഗ്യമന്ത്രി കെ സുധാകര്‍ എച്ച് 3 എന്‍ 2 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിദഗ്‌ധരുമായി പ്രത്യേക യോഗം ചേര്‍ന്നു. വിദഗ്‌ധ ഡോക്‌ടര്‍മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് യോഗം.എച്ച് 3 എന്‍ 2 വൈറസ് അപകടകരമല്ലെന്ന് കൂടിയാലോചനയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.എന്നിരുന്നാലും, മുന്‍കരുതല്‍ നടപടികള്‍ ആവശ്യമാണ്. സംസ്ഥാനത്ത് ഇതുവരെ കുറച്ച് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. രാജ്യത്ത് കൂടുതല്‍ എച്ച് 3 എന്‍ 2 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇതുമായി ബന്ധപ്പെട്ട വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയും യോഗത്തില്‍ നടത്തി. പരിഭ്രാന്തരാകേണ്ട കാര്യമില്ല എന്നും മുന്‍കരുതല്‍ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.