സ്വകാര്യ ആശുപത്രികള്‍ക്ക് മൂക്കുകയറിടാൻ നീക്കം; നിരക്കുകള്‍ ഏകീകരിക്കാനും മരുന്ന് വില പ്രദര്‍ശിപ്പിക്കാനും ആവശ്യം; കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി

ബെംഗളൂരു: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ ഏകീകരിക്കാനും മരുന്ന് വിലയില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമായി പുതിയ നയം നടപ്പിലാക്കാൻ കർണാടക സർക്കാർ നീക്കം തുടങ്ങി.ഒരേ ചികിത്സയ്ക്ക് വിവിധ ആശുപത്രികള്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടല്‍. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി യു.ടി. ഖാദർ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചർച്ച തുടങ്ങി.ചികിത്സാ ചെലവുകള്‍ മുൻകൂട്ടി അറിയാൻ സാധിക്കുന്ന തരത്തില്‍ ഓരോ ചികിത്സയുടെയും ഏകീകൃത നിരക്ക് വിവരിക്കുന്ന ‘റേറ്റ് കാർഡ്’ അവതരിപ്പിക്കണമെന്നും ആശുപത്രി റിസപ്ഷനുകളില്‍ ഇവ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ആരോഗ്യ മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും വ്യത്യസ്തമായതിനാല്‍ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ഒരേ നിരക്ക് ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ നിലപാട്.ആശുപത്രികള്‍ വാങ്ങുന്ന മരുന്നുകളുടെ യഥാർത്ഥ വിലയും അത് രോഗികള്‍ക്ക് വില്‍ക്കുന്ന വിലയും പരസ്യപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എംആർപി തുക ഉയർത്തി ലാഭം കൂടുതല്‍ ഈടാക്കുന്നത് തടയാനും ജീവൻരക്ഷാ മരുന്നുകളുടെ വില കുറയ്ക്കുന്നതിനുമായാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഇക്കാര്യത്തില്‍ മരുന്ന് കമ്പനികളുമായി കൂടുതല്‍ ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബില്‍ തുക മുഴുവനായും അടക്കാനാവാത്ത സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കാത്തതിനെതിരെയും ശക്തമായ നയം സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇൻഷുറൻസ് ക്ലെയിമുകള്‍ കുറയ്ക്കുന്നതിനും ബില്‍ തുകയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുമായി ഇൻഷുറൻസ് കമ്പനികളുമായും സർക്കാർ പ്രത്യേക ചർച്ച നടത്തും.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി