ബെംഗളൂരു ബ്ലൂലൈൻ മെട്രോ; കെആര്‍ പുരം-സില്‍ക്ക് ബോര്‍ഡ് പാതയില്‍ പരീക്ഷണ ഓട്ടം ഒക്ടോബര്‍ അവസാനത്തോടെ

നമ്മ മെട്രോ കെആർ പുരം-സെൻട്രല്‍ സില്‍ക്ക് ബോർഡ് (ബ്ലൂ ലൈൻ മെട്രോ) പാതയിലെ പരീക്ഷണ ഓട്ടം ഒക്ടോബർ അവസാനത്തോടെ നടന്നേക്കും.ഇവിടെ നിർമ്മാണ പ്രവർത്തനങ്ങള്‍ 87 ശതമാനത്തോളം പൂർത്തിയായതായി മന്ത്രി കൃഷ്ണ ബൈര ഗൌഡ അറിയിച്ചു. സ്റ്റേഷനുകളിലേക്കുള്ള എൻട്രി എക്സിറ്റ് പ്രവൃത്തികളും 88 ശതമാനം പൂർത്തിയായിട്ടുണ്ട്. ബാക്കി ജോലികള്‍ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ മന്ത്രി അധികൃതർക്ക് നിർദേശം നല്‍കി.സിസ്റ്റം ഇൻസ്റ്റലേഷനും പരീക്ഷണ ഓട്ടത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മെട്രോ പാത അടുത്ത വർഷം പകുതിയോടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘ബെംഗളൂരിലെ നിർണായക പാതയാണ് ബ്ലൂലൈൻ ഇടനാഴി.

മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് നിർമ്മാണ പ്രവൃത്തികള്‍ ഒരു വർഷത്തോളം വൈകിയത്. മാത്രമല്ല തിരക്കുള്ള സമയങ്ങളിലെ അനിയന്ത്രിതമായ ട്രാഫിക്കും പണികള്‍ക്ക് തടസമായി. എത്രയും പെട്ടെന്ന് പണികള്‍ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’, മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവൃത്തികള്‍ പൂർത്തിയാക്കിയ സ്ഥലങ്ങളില്‍ നിന്നും ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും മന്ത്രി നിർദേശം നല്‍കി.19.75 കിമി നീളത്തിലുള്ളതാണ് ബ്ലൂലൈൻ പാത. പ്രധാന ഐടി മേഖലകളിലൂടേയും ഔട്ടർ റിംഗ് റോഡിലെ തിരക്കുള്ള പ്രദേശങ്ങളിലൂടെയുമാണ് പാത കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ബ്ലൂ ലൈൻ യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരിലെ തിരക്കിന് ഒരുപരിധി വരെ ആശ്വാസം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം ബ്ലൂലൈൻ പൂർണമായി തുറക്കുന്നതിന് മുൻപ് തന്നെ കെആർ പുരത്ത് നിന്നും മാരത്തഹള്ളിയിലേക്കുള്ള ബ്ലൂ ലൈൻ്റെ ഒരു ഭാഗം തുറക്കാനുള്ള ഒരുക്കത്തിലാണ് ബെംഗളൂരു മെട്രോ ലൈൻ കോർപറേഷൻ. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക നിർദേശങ്ങളോ അനുമതിയോ ഇതുവരെ ലഭിച്ചിട്ടില്ല.

അതിനിടെ 38.44 കിമി നീളുന്ന കെആർ പുരം-കെംപെഗൌഡ ഇൻ്റർനാഷ്ണല്‍ എയർപോർട്ട് ഉടനാഴിയിലെ നിർമ്മാണ പ്രവർത്തനം 61.5 ശതമാനത്തോളം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 52.9 കിമി ട്രാക്കില്‍ 18.6 കിമിയോളം വരു്നന ഭാഗത്ത് പാതവിരിക്കല്‍ നടപടികളും പൂർത്തിയായിട്ടുണ്ട്.മാത്രമല്ല സ്റ്റേഷൻ എൻട്രി എക്സിറ്റ് പണികള്‍ 41 ശതമാനം പൂർത്തീകരിച്ചു.മെട്രോ വികസനത്തിനൊപ്പം തന്നെ 148 കിമി വരുനന് സബർബൻ റെയില്‍ നെറ്റ്വർക്കിലും പ്രവർത്തികള്‍ പുരോഗമിക്കുകയാണ്. 23000 കോടി ചെലവില്‍ ഒരുങ്ങുന്ന പദ്ധതി 2023 ഓടെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇതിനിടയില്‍ കൂടുതല്‍ ബിഎംടിസി ബസുകള്‍ നിരത്തിലിറക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അടുത്ത വർഷങ്ങളില്‍ 4500 ഇലക്‌ട്രിക് ബസുകള്‍ കൂടി കൂട്ടിച്ചേർക്കാനാണ് പദ്ധതി. നിലവില്‍ 7000 ബസുകളാണ് സർവ്വീസ് നടത്തുന്നത്. ഈ നടപടികളെല്ലാം മികച്ച രീതിയില്‍ പ്രാവർത്തികമായാല്‍ നഗരത്തിലെ 50 ശതമാനത്തോളം വരുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി