മംഗളൂരുവിൽ കനത്ത മഴയിൽ നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി, അത്താവറിൽ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.കുൽശേക്കർ മുതൽ നന്നൂർ വരെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളം കയറി.കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ്കണക്കാക്കുന്നത്.
ജോലിക്ക് പോകാൻ വീടിന് പുറത്തിറങ്ങാൻ കഴിയാതെ പലരും കുടുങ്ങി. മംഗലാപുരം സിറ്റി, ശിവനഗർ പനമ്ബൂർ, ബജ്പെ തുടങ്ങി മിക്കയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. പാണ്ഡവേശ്വറിന് സമീപമുള്ള ശിവനഗർ റോഡ് പൂർണമായുംവെള്ളത്തിനടിയിലായി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഓഡിറ്റോറിയത്തിനുള്ളിൽ വെള്ളം കയറി.
മംഗളൂരു നഗരത്തിലെ കദ്രി കമ്ബള, കൊട്ടാരചൗക്കി, മലേമാർ, സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളും കനത്ത വെള്ളത്തിലാണ്. പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലായി.
ദക്ഷിണ കന്നഡ ജില്ലയിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തിൽ മംഗലാപുരം, ഉല്ലാൾ, മുൽക്കി താലൂക്കുകളിലെ അങ്കണവാടി, പ്രൈമറി, ഹൈസ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.കെ.വി.രാജേന്ദ്ര ഉത്തരവിറക്കി.
പുത്തൂർ, സുള്ള്യ, ബെൽത്തങ്ങാടി തഹസിൽദാർമാർ, ബിഇഒമാർ എന്നിവർക്ക് സാഹചര്യം പരിഗണിച്ച് അവധി നിശ്ചയിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
ദേശീയപാത-66 ൽ വെള്ളം കയറിയതിനാൽ വാഹനഗതാഗതം തടസ്സപ്പെട്ടു. മംഗളൂരു നഗരത്തിൽ കൊട്ടാര ചൗക്കിക്ക് സമീപം ദേശീയപാതയിൽ വെള്ളം തോട് പോലെ ഒഴുകുകയാണ്.