ബെംഗളൂരു:തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലും ദുരിതംവിതച്ച് കനത്തമഴ. തിങ്കളാഴ്ച തുടങ്ങിയ മഴയ്ക്ക് ചൊവ്വാഴ്ചയും ശമനമുണ്ടായില്ല. ഉഡുപ്പി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച ബെലഗാവി, ഉത്തരകന്നഡ, ബെല്ലാരി, ശിവമോഗ, ദക്ഷിണകന്നഡ, ചിക്കമഗളൂരു എന്നീ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും ബാഗൽകോട്ട്, കൊപ്പാൾ, ഗദക്, ധാർവാഡ്, ഹവേരി, ദാവണഗരെ, ഉഡുപ്പി, ഹാസൻ, കുടക് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകി.
വ്യാഴാഴ്ച ഉഡുപ്പി, ചിക്കമഗളൂരു, ഉത്തരകന്നഡ എന്നീ ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.വെള്ളിയാഴ്ചവരെ തീരദേശമേഖലയിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ദക്ഷിണ കന്നഡ ജില്ലയിൽ സ്കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച വരെ ജില്ലാ അധികൃതർ അവധിനൽകി. തീരദേശജില്ലകളിലുള്ളവർ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
താലൂക്ക് തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിവരുകയാണെന്നും കുട്ടികൾ ജലാശയങ്ങളിലിറങ്ങുന്നതും വെള്ളംകയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കളിക്കുന്നതും ഒഴിവാക്കണമെന്നും ദക്ഷിണ കന്നഡ ജില്ലാ അധികൃതർ നിർദേശിച്ചു. വെള്ളിയാഴ്ചവരെ കടലിൽ പോകരുതെന്നു മത്സ്യത്തൊഴിലാളികൾക്കും നിർദേശമുണ്ട്.ഏഴുവരെ ബെംഗളൂരുവിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളായി നഗരത്തിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
ആശങ്കകള്‍ക്കൊടുവില്‍ ആശ്വാസം; ഊട്ടിയില്നിന്നെത്തി വഴിമറന്ന വയോധികനെ ബന്ധുക്കള്ക്കടുത്തെത്തിച്ച് കളക്ടര്‍
കുടുംബസമേതം കോഴിക്കോട് എത്തി വഴിതെറ്റിയ വയോധികന് കൈതാങ്ങായി ജില്ലാ കലക്ടര്‍. തിരിച്ചുപോകാൻ വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ് ജില്ലാ കലക്ടര്‍ എ.ഗീത ഇടപെട്ട് ബന്ധുക്കളുടെ അരികിലെത്തിച്ചത്.ഊട്ടിയില്‍നിന്നും ബന്ധുക്കളുടെ കൂടെ കോഴിക്കോട് എത്തിയതായിരുന്നു ഇസ്മയില്‍. ചായ കുടിക്കാനായി പുറത്തേക്കിറങ്ങിയപ്പോള്‍ വഴിതെറ്റി കല്ലായിപ്പുഴയുടെ അരികിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇസ്മയിലിനെ കാണുന്നിലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പാരാതിയും നല്കി. വാക്കി ടോക്കി വഴി ഈ സന്ദേശം കലക്ടര്‍ക്കും ലഭിച്ചിരുന്നു.
ഈ സമയത്ത് പന്നിയങ്കരയില്‍ സൈറ്റ് വിസിറ്റിന് പോകുന്നതിനിടയില്‍ കല്ലായി പാലത്തിന്റെ അടുത്തായി ഒരു വയോധികൻ നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട കലക്ടര്‍ വണ്ടി നിര്‍ത്തി പൊലീസ് അറിയിച്ച സന്ദേശത്തിലെ രൂപസാദൃശ്യമുള്ള വ്യക്തിയെയാണ് പാലത്തില്‍ കണ്ടതെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് വയോധികന് അരികിലെത്തിയ കളക്ടര്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു.എന്നാല്‍ മലയാളം വശമില്ലാത്ത വയോധികനോട് തമിഴിലാണ് കലക്ടര്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയത്.
പ്രദേശം പരിചിതമല്ലെന്നും വഴിയറിയാതെ നില്‍ക്കുകയാണെന്നും ഇസ്മയില്‍ കലക്ടറെ അറിയിച്ചു. ആശങ്ക വേണ്ടെന്നും ബന്ധുക്കള്‍ക്ക് അരികിലെത്തിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പൊലീസില്‍ ബന്ധപ്പെട്ട് ഇസ്മയിലിനെ ബന്ധുക്കളുടെ അടുത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷമാണ് കലക്ടര്‍ മടങ്ങിയത്.