ബംഗളൂരു: പാഠപുസ്തകങ്ങളില്‍ നിന്നും ടിപ്പുവിനെ സുല്‍ത്താനെ കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്. എന്നാല്‍, പാഠഭാഗങ്ങളിലെ ടിപ്പുവിനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഷിത് ചക്രതീര്‍ഥ നേതൃത്വം നല്കി പരിഷ്കരണ കമ്മിറ്റി ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളില്‍ മാറ്റം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന.
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ടിപ്പു സുല്‍ത്താന്റെ പാഠഭാഗങ്ങള്‍ പൂര്‍ണമായും നീക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി നല്കി. ചരിത്രപരമായി തെളിവുള്ള വസ്തുതകള്‍ ഉള്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരുടേയോ ഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തക പരിഷ്കരണ കമ്മിറ്റയുടെ ശിപാര്‍ശ പ്രകാരം ടിപ്പുവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കേണ്ടതില്ല. എന്നാല്‍, ടിപ്പുവിനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാഠപുസ്തക പരിഷ്കരണ കമ്മിറ്റിയുടെ തവന് റോഹിത് ചക്രതീര്‍ഥ വലതുപക്ഷ ചിന്തകനാണെന്നും വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നുമുള്ള ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
2019ല്‍ അധികാരത്തിലെത്തിയതിന് ശേഷം മുന്‍ സര്‍ക്കാറുകള്‍ നടത്തിവന്നിരുന്ന ടിപ്പുവിന്റെ ജന്മവാര്ഷിക ആഘോഷങ്ങള്‍ ബി.ജെ.പി നിര്‍ത്തിയിരുന്നു. 2020ല്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും ടിപ്പുസുല്‍ത്താനുമായി ബന്ധപ്പെട്ട ചില പാഠഭാഗങ്ങള്‍ നീക്കിയിരുന്നു. കോവിഡിനെ തുടര്‍ന്ന് പാഠഭാഗങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സര്‍ക്കാര്‍ അന്ന് വിശദീകരിച്ചത്.