ബെംഗളൂരു: കോവിഡ് പോസിറ്റിവിറ്റി നിരക്കുകൾ അഞ്ച് ശതമാനത്തിൽ താഴെ എത്തിയ ആറ് ജില്ലകളിൽ കൂടി കൂടുതൽ അൺലോക്ക് ഇളവുകൾ നൽകിയതായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ് അറിയിച്ചു. ഉഡുപ്പി, ശിവമോഗ, ബെല്ലാരി, ചിത്രദുർഗ, ബെംഗളൂരു റൂറൽ, വിജയപുര എന്നീ ജില്ലകളിലാണ് കൂടുതൽ അൺലോക്ക് ഇളവുകൾ പ്രഖ്യാപിച്ചത്. പോസിറ്റിവിറ്റി നിരക്കിൽ അഞ്ച് ശതമാനത്തിൽ താഴെയുള്ള കാറ്റഗറി ഒന്നിൽ ഉൾപ്പെടുത്തിയ ബെംഗളൂരു അർബൻ അടക്കമുള്ള 16 ജില്ലകളിൽ അൺലോക്ക് രണ്ടാം ഘട്ട ഇളവുകൾ നൽകിയിരുന്നു. ഈ ജില്ലകളിൽ വൈകുന്നേരം അഞ്ച് മണിവരെ അവശ്വ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കാനും, 50 ശതമാനം ആൾക്കാരെ പ്രവേശിപ്പിച്ച് ബസ് സർവീസുകൾ, ഹോട്ടലുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നതിനും അനുമതി നൽകിയിരുന്നു. ആറു ജില്ലകൾ കൂടി കാറ്റഗറി ഒന്നിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് അൺലോക്ക് രണ്ടാം ഘട്ട ഇളവുകൾ ലഭിച്ച ജില്ലകളുടെ എണ്ണം 22 ആയി. ജൂലൈ അഞ്ചാം തീയതിവരെയാണ് ഇളവുകൾ നൽകിയത്. ഇതു സംബന്ധിച്ച് സർക്കാർ തിങ്കളാഴ്ച ഉത്തരവിറക്കി.
ദക്ഷിണ കന്നഡ, ചാമരാജനഗർ, ദാവണഗരെ, കുടക്, ധാർവാഡ്, ഹാസൻ, ചിക്കമഗളൂരു എന്നി ജില്ലകളിലാണ് അൺലോക് ഒന്നാം ഘട്ട ഇളവുൾ നൽകിയിരിക്കുന്നത്. അതേ സമയം രോഗ സ്ഥിരീകരണ നിരക്കിൽ 10 ശതമാനത്തിൽ കൂടുതലുള്ള മൈസൂരുവിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുകയാണ്.